ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് ഇന്റര്‍നെറ്റ് വഴി സ്വയം ഉറപ്പുവരുത്താം

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് ഇനിമുതല്‍ ഇന്റര്‍നെറ്റ് വഴി സ്വയം ഉറപ്പുവരുത്താം. ഈ സാമ്പത്തികവര്‍ഷം മുതല്‍ പരിഷ്‌കാരം നടപ്പില്‍വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

നിലവില്‍ ഇന്റര്‍നെറ്റ് വഴി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഇമെയിലില്‍ ലഭിക്കുന്ന രസീതി ഒപ്പിട്ട് ബെംഗളൂരുവിലെ ഓഫീസിലേക്ക് അയയ്ക്കുന്ന രീതിയായിരുന്നു. ഇതിന് മാറ്റംവരും.

അഞ്ചുലക്ഷമോ അതില്‍ താെഴയോ വരുമാനമുള്ള നികുതിദായകന് തന്റെ നികുതി സംബന്ധിച്ച് ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ആധാര്‍ അനുബന്ധ സംവിധാനം വഴിയോ സ്വയം ഉറപ്പുവരുത്താം.

ഈ സംവിധാനം ഉപയോഗിക്കുന്നവര്‍ ഐ.ടി.ആര്‍. ഫോറത്തിന്റെ ഒപ്പിട്ട കോപ്പി ബെംഗളൂരുവിലേക്ക് അയച്ചുകൊടുക്കേണ്ടതില്ല. ഈ സംവിധാനം ഉപയോഗിക്കാത്തവര്‍ക്ക് നിലവിലെ രീതി തുടരുകയും ചെയ്യാം.

ഇ-ഫയലിങ് നടത്തുമ്പോള്‍ ലഭിക്കുന്ന ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് രജിസ്റ്റര്‍ ചെയ്യുന്ന ഇമെയില്‍ അഡ്രസ്സിലേക്കോ മൊബൈല്‍ നമ്പറിലേക്കോ അയച്ചുതരും. ഈ കോഡ് ഉപയോഗിച്ച് റിട്ടേണ്‍ സംബന്ധിച്ച് സ്വയം ഉറപ്പുവരുത്താം.

Top