ആം ആദ്മിയില്‍ വ്യക്തികളേക്കാള്‍ മുന്‍ഗണന ആശയത്തിന്: ആശിഷ് ഖേതന്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ വ്യക്തികളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ആശയങ്ങള്‍ക്കെന്ന് പ്രകടന പത്രിക സമിതി അദ്ധ്യക്ഷന്‍ ആശിഷ് ഖേതന്‍. കിരണ്‍ ബേദിയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്നും ആം ആദ്മി പാര്‍ട്ടിക്ക് വിജയം ഉറപ്പാണെന്നും ആശിഷ് ഖേതന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വ്യക്തികേന്ദ്രീകൃതമായ രാഷ്ട്രീയമല്ല എഎപിയുടേത്. ഈ പാര്‍ട്ടിയില്‍ വ്യക്തികള്‍ക്ക് പ്രാധാന്യമില്ല. ആം ആദ്മി പാര്‍ട്ടി ഒരു ആശയമാണ്. സംശുദ്ധമായ രാഷ്ട്രീയത്തില്‍ മാത്രമേ അഴിമതിരഹിതമായ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ വനിതകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് വിശദമായ കര്‍മപദ്ധതിയുണ്ട്. ഡല്‍ഹിയിലെ എല്ലാ വിഭാഗം സ്ത്രീകളുമായും തങ്ങള്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top