അസിന്റെ വിവാഹവസ്ത്രം വൈറലായപ്പോള്‍

സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണ് ബോളിവുഡിലെ മലയാളി സുന്ദരി അസിന്‍ തോട്ടുങ്കല്‍. അസിന്റെ തിരിച്ചുവരവ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ആള്‍ ഈസ് വെല്‍ എന്ന സിനിമയിലൂടെയാണ് അസിന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നത്. ഈ സിനിമയില്‍ അസിന്‍ വിവാഹ വേഷമണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തായി. വന്‍ പ്രതികരണാണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായത്. കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും കിട്ടിയ സിനിമാ ചിത്രങ്ങളിലൊന്നായി ഇതുമാറിക്കഴിഞ്ഞു.

ചുവപ്പ് നിറത്തിലുള്ള മനോഹരമായ ലെഹങ്കയണിഞ്ഞാണ് ചിത്രത്തില്‍ അസിന്‍. വിവാഹ രംഗത്തിന്റെ ചിത്രീകരണം നടത്തുന്ന രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മൈലാഞ്ചിയണിഞ്ഞ കൈ ഉയര്‍ത്തിപിടിച്ചു മനോഹരമായി പുഞ്ചിരിച്ചാണ് അസിന്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ബോളിവുഡിലെ ഏറ്റവും സുന്ദരിയായ വധുവെന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അസിനെ വിശേഷിപ്പിക്കുന്നു. ഈ പബ്ലിസിറ്റിയില്‍ അസിനും ആള്‍ ഈസ് വെല്ലിന്റെ അണിയറ പ്രവര്‍ത്തകരും വലിയ സന്തോഷത്തിലാണ്. മൂന്നു ദിവസം മുന്‍പാണ് ചിത്രം പുറത്തുവിട്ടത്. വിവാഹ ഫോട്ടൊ ഹിറ്റായതോടെ സിനിമയ്ക്കും വലിയ പ്രചാരം ലഭിച്ചു. അഭിഷേക് ബച്ചനാണ് ആള്‍ ഈസ് വെല്ലിലെ നായകന്‍. റിഷി കപൂറും ചിത്രത്തിലുണ്ട്. 2012 പുറത്തിറങ്ങിയ കിലാഡി 786 ആണ് അസിന്‍ നായികയായി അവസാനം പുറത്തിറങ്ങിയ ഹിന്ദി ചിത്രം. വിജയ്യുടെ നായികയായ കാവലനാണ് അവസാന തമിഴ് ചിത്രം. 2011ലാണ് കാവലന്‍ പുറത്തിറങ്ങുന്നത്.

ഇതിനു ശേഷം സിനിമയില്‍ വലിയ ഇടവേളയായിരുന്നു അസിന്. എന്നാല്‍ ആരാധകര്‍ തന്നെ മറന്നിട്ടില്ലെന്ന് താരത്തിന് ആശ്വസിക്കാം. പുതിയ ചിത്രം വൈറലായതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ അസിനായി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലൂടെയാണ് അസിന്‍ വെള്ളിത്തിരയിലെത്തുന്നത്. അമ്മ നാനാ ഒ തമിഴാ അമ്മായി എന്ന തെലുങ്ക് ചിത്രത്തിലൂടെ ഇതര ഭാഷയില്‍ അരങ്ങേറ്റം. എം കുമരന്‍ സണ്‍ ഒഫ് മഹാലക്ഷ്മി എന്ന സിനിമയിലൂടെ തമിഴിലുമെത്തി. സൂപ്പര്‍ ഹിറ്റായ ഈ ചിത്രത്തിലൂടെയാണ് അസിന്‍ മുന്‍നിര നായികയാവുന്നത്. മുരുഗദോസ് സംവിധാനം ചെയ്ത ഗജിനിയിലെ അഭിനയം അസിന് ഏറെ ആരാധകരെ നേടികൊടുത്തു. ഈ ചിത്രം ആമിര്‍ ഖാനെ നായകനാക്കി ഹിന്ദിയില്‍ ഒരുക്കിയപ്പോഴും അസിന്‍ തന്നെയായിരുന്നു നായിക. ആമിര്‍ ഖാനോടൊപ്പം സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിലെത്തിയെങ്കിലും വിജയത്തുടര്‍ച്ച ലഭിച്ചില്ല. സല്‍മാന്‍ ഖാന്റെ നായികയായി അഭിനയിച്ച റെഡിയും വലിയ വിജയം നേടിയില്ല. അഭിഷേക് ബച്ചനോടൊപ്പം അഭിനയിക്കുന്ന ആള്‍ ഈസ് വെല്‍ പുറത്തിറങ്ങുന്നതിനു മുന്‍പേ വാര്‍ത്തയായിരിക്കുന്നു.

Top