അസമയത്തുള്ള ജോലി തലച്ചോറിനെ ദുര്‍ബലമാക്കുമെന്ന് പഠനം

വാഷിങ്ടണ്‍: അസമയത്ത് ജോലി ചെയ്യുന്നവരുടെ തലച്ചോര്‍ ദുര്‍ബലമാവുമെന്നു പഠനം. 10 വര്‍ഷം രാത്രിസമയങ്ങളില്‍ ജോലിചെയ്തവരുടെ തലച്ചോറിന് അവരേക്കാള്‍ ആറു വയസ്സ് കൂടുതലുള്ളവരുടേതിന്റെ പ്രവര്‍ത്തനശേഷിയേ ഉണ്ടാവൂ എന്നാണ് ശാസ്ത്രലോകത്തിന്റെ കണെ്ടത്തല്‍.

യു.എസിലെ ഒക്യുപേഷനല്‍ ആന്റ് എന്‍വയണ്‍മെന്റല്‍ മെഡിസിന്‍ മാസികയാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യപ്രകൃതി പകല്‍സമയങ്ങളില്‍ സജീവമായിരിക്കാനും രാത്രിയില്‍ വിശ്രമിക്കാനും ഉതകുന്ന തരത്തിലാണു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രകൃതിയുടെ തുലനാവസ്ഥയെ തകിടംമറിക്കുന്നതിലൂടെയാണ് തലച്ചോറിനു ക്ഷതം സംഭവിക്കുന്നത്. പ്രായം കൂടുമ്പോള്‍ സാധാരണഗതിയില്‍ തന്നെ തലച്ചോറിനു ക്ഷയം സംഭവിക്കുന്നുണെ്ടങ്കിലും രാത്രി ജോലിക്കാര്‍ക്ക് ഇതിന്റെ തോത് കൂടുതലാണ്. ഇത് സ്തനാര്‍ബുദത്തിനും അമിതവണ്ണത്തിനും കാരണമാവുന്നതായും പഠനം പറയുന്നു.

യൂറോപ്പിലെ കണക്കനുസരിച്ച് സാധാരണഗതിയില്‍ ഒമ്പതുപേരില്‍ ഒരാള്‍ക്കാണ് സ്തനാര്‍ബുദത്തിനു സാധ്യതയെങ്കില്‍ രാത്രി ജോലി ചെയ്യുന്നവരില്‍ ഇത് ഇരട്ടിയാണ്. കൂടാതെ ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്.

Top