ന്യൂഡല്‍ഹി: രാജ്യത്ത് അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് നിരോധിക്കപ്പെടേണ്ട സൈറ്റുകളുടെ ലിസ്റ്റ് നല്‍കി. 857 അശ്ലീല സൈറ്റുകളാണ് ഇത്തരത്തില്‍ നിരോധിക്കുക.
വെള്ളിയാഴ്ചയാണ് നിരോധിക്കാനുള്ള തീരുമാനം സര്‍ക്കാരെടുത്തത്. ഇതിന്റെ ആദ്യപടിയായി കുറച്ച് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.
കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വീഡിയോകള്‍ നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങള്‍ ഫലപ്രദമായി തടയാനാകാത്തതിനേത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
നിരോധനത്തിനെതിരെ ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും കടുത്ത പ്രതിഷേധമാണുയരുന്നത്.
ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനെതിരാണ് ഇത്തരം അശ്ലീല സൈറ്റുകളെന്ന് വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. അതിനിടെയാണ് മുന്നറിയിപ്പൊന്നും കൂടാതെ ഇത്തരത്തിലൊരു നിരോധനം.


