അശ്ലീല വെബ്‌സൈറ്റുകളുടെ നിയന്ത്രണം താല്‍ക്കാലികമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 857 അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് താല്‍ക്കാലികമായി മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ തടയണം എന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം തടയാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും വ്യക്തമാക്കി. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന അശ്ലീല വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കുന്നതിനു ദീര്‍ഘകാല സംവിധാനം കൊണ്ടുവരും.

പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയോ ഓംബുഡ്‌സ്മാനെ നിയോഗിച്ചോ അശ്ലീല വെബ്‌സൈറ്റുകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നും ടോലികോം മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Top