അഴിമതി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു: വിഎസ്

തിരുവനന്തപുരം: അഴിമതിയും സദാചാര വിരുദ്ധതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അതിനാല്‍ത്തന്നെ അഴിമതി നടത്തുന്നതു വലിയ കാര്യമല്ലാതായി മാറുന്നു.

അഴിമതിയാരോപിക്കുന്നതു ചട്ടപ്രകാരമാണോ എന്ന സംശയവുമുയരുന്നു. ഇത്തരം ആഘോഷങ്ങള്‍ മൂലം യഥാര്‍ഥ പ്രശ്‌നം താഴേക്കുപോകുകയും പ്രസക്തമായ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു വിഎസ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തക സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവര്‍ത്തനത്തിന്റെ പരമ്പരാഗത രീതിശാസ്ത്രം അത്യാധുനികമായി മാറി. വാര്‍ത്തകള്‍ ആഘോഷത്തിന്റെ മേഖലകളാകുമ്പോള്‍ പല മാധ്യമ പ്രവര്‍ത്തകരുടെയും നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഉത്കൃഷ്ടമായ സങ്കല്‍പ്പങ്ങളില്‍ വ്യാപരിച്ചിരുന്ന മാധ്യമങ്ങള്‍ ഇന്നു പെയ്ഡ് ന്യൂസിന്റെയും പ്രൈവറ്റ് ട്രീറ്റി ജേര്‍ണലിസത്തിന്റെയും പേരില്‍ ആക്ഷേപങ്ങള്‍ നേരിടുകയാണ്. പണമോ ഓഹരി പങ്കാളിത്തമോ നല്‍കി വാര്‍ത്തകള്‍ നല്‍കുന്ന സ്ഥിതി വരുമ്പോള്‍ വാര്‍ത്തകളുടെ വസ്തു നിഷ്ഠതയാണു ചോര്‍ന്നുപോകുന്നത്. പണം നല്‍കാന്‍ കഴിയാത്തവര്‍ വാര്‍ത്തകളുടെ ലോകത്തു നിന്നു മാറ്റിനിര്‍ത്തപ്പെടുന്ന സ്ഥിതിവരും. ഇതു ജനാധിപത്യം എന്ന സങ്കല്‍പ്പത്തിന്റെ പ്രസക്തി ഇല്ലാതാക്കും വിഎസ് ചൂണ്ടിക്കാട്ടി.

Top