അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകന്‍

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ മമ്മൂട്ടി നായകന്‍. മാദ്ധ്യമം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അടുത്ത വിഷുവിന് തിയേറ്ററില്‍ എത്തിക്കാനാണ് ആലോചന. ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കും. അടുത്ത വര്‍ഷം ആദ്യം മമ്മൂട്ടി അഭിനയിക്കുന്ന സിനിമയാണിത്.

പ്ലേ ഹൗസ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ മറ്റു വിവരം പുറത്തുവിട്ടിട്ടില്ല. കഥയെക്കുറിച്ചു അല്‍ഫോണ്‍സ് മമ്മൂട്ടിയോട് സംസാരിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് കഥ വളരെ ഇഷ്ടപ്പെട്ടുവെന്നാണ് അടുത്തകേന്ദ്രങ്ങള്‍ പറയുന്നത്.

തനിക്ക് കിട്ടുന്ന ഓഫറുകളെല്ലാം ഉടന്‍തന്നെ സ്വീകരിക്കുന്ന ആളല്ല അല്‍ഫോണ്‍സ്. നല്ല കഥയും അഭിനേതാക്കളും ഒത്തുവരുമ്പോള്‍ സിനിമ ചെയ്താല്‍ മതിയെന്നാണ് അല്‍ഫോണ്‍സിന്റെ നിലപാട്. അതുകൊണ്ടുതന്നെ പ്രേമത്തിന് ശേഷം മമ്മൂട്ടിയുടെ സിനിമയായിരിക്കും അല്‍ഫോണ്‍സിന്റെ മൂന്നാമത്തെചിത്രം.

പ്രേമത്തിന് മുമ്പ് അല്‍ഫോണ്‍സ് പുത്രന്‍ നിവന്‍പോളിയെ നായകനാക്കി സംവിധാനം ചെയ്ത നേരവും വമ്പന്‍ ഹിറ്റായിരുന്നു. ആദ്യത്തെ രണ്ടു ചിത്രങ്ങളും വമ്പന്‍ ഹിറ്റാക്കിയ അല്‍ഫോണ്‍സ് പുത്രന്റെ പിന്നാലെയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.

അതേസമയം കമല്‍ സംവിധാനം ചെയ്യുന്ന ഉട്ട്യോപ്യയിലെ രാജാവിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി ഇപ്പോള്‍ കൊച്ചിയിലാണ്. റംസാന് മമ്മൂട്ടിയുടെ അച്ഛാ ദിന്‍ എന്ന ചിത്രം റിലീസ് ചെയ്യും. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ കഥയാണ് പറയുന്നത്. മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമാണിത്. അതുകൊണ്ടുതന്നെ മെഗാസ്റ്റാറിന് ഏറെ പ്രതീക്ഷയാണ് ഈ ചിത്രത്തില്‍.

Top