അര്‍ജന്റീനയും ബ്രസീലും ഇന്നിറങ്ങും

ബെയ്ജിംഗ്: രാജ്യാന്തര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും ഇന്ന് ബെയ്ജിംഗില്‍ നേര്‍ക്കുനേര്‍. രണ്ടു വര്‍ഷം മുമ്പ് ബുവാനോസ് ആരിസിലാണ് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ശക്തികള്‍ തമ്മില്‍ അവസാനമായി കൊമ്പുകോര്‍ത്തത്. അന്ന് 2-1ന് അര്‍ജന്റീന വിജയിച്ചിരുന്നു.

ലോകകപ്പിനുശേഷം ദുംഗയുടെ കീഴിലാണ് ബ്രസീല്‍ ഇപ്പോള്‍. സെമിയില്‍ ജര്‍മനിയോട് 7-1നു പരാജയപ്പെട്ടതിന്റെ ദുഃഖം ഇന്നും കാനറികളെ വിട്ടൊഴിഞ്ഞിട്ടില്ല. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ എത്തിച്ച അലെസാന്ദ്രൊ സബെല്ല പടിയിറങ്ങിയ ഒഴിവിലെത്തിയ ജെറാര്‍ഡൊ മാര്‍ട്ടീനോയാണ് അര്‍ജന്റീനയുടെ പരിശീലകന്‍.

ലോകകപ്പ് ഫൈനലില്‍ 1-0നു ജര്‍മനിയോട് പരാജയപ്പെട്ടതിനുള്ള കണക്ക് വീട്ടിയാണ് അര്‍ജന്റീന നില്‍ക്കുന്നത്. ലോകകപ്പിനുശേഷം ജര്‍മനിയുമായി നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 4-2നു വിജയിച്ചിരുന്നു. അന്ന് കളിക്കാതിരുന്ന ലയണല്‍ മെസി ഇന്ന് ബ്രസീലിനെതിരേ ഇറങ്ങും.

18 മാസത്തെ ഇടവേളയ്ക്കുശേഷം മധ്യനിരതാരം കക്കയെ ടീമിലേക്ക് തിരിച്ചുവിളിച്ചാണ് ദുംഗ ബ്രസീലിനെ ഒരുക്കിയത്.

Top