അരുവിക്കര ഉപതെരഞ്ഞടുപ്പിന് ഇരുമുന്നണികളും ഒരുങ്ങിക്കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജി കാര്‍ത്തികേയന്റെ ഭാര്യ എം.ടി സുലേഖയുടെ പേരാണ് കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നത്. ഇടത് സ്ഥാനാര്‍ഥി മുന്‍ സീപക്കര്‍ എംവിജയകുമാറോ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം വികെ മധുവോ ആകാനാണ് സാധ്യത. മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് നാടാര്‍ വിഭാഗക്കാരനായ ഒരാളെ മല്‍സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മല്‍സരം കൂടുതല്‍ ശക്തമാകും.
അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന് പകരം അരുവിക്കരയില്‍ നിന്ന് ആരെ നിയമസഭയിലെത്തിക്കാനാവും എന്നതിന് ഉത്തരം കണ്ടെത്താന്‍ എല്‍ഡിഎഫും യുഡിഎഫും രംഗത്തിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയുള്ള ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്. മത്സരത്തിന് പിസി ജോര്‍ജ് നയിക്കുന്ന അഴിമതി വിരുദ്ധമുന്നണിയും രംഗത്തുണ്ട്.
നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് അരുവിക്കര. ബാര്‍ കോഴക്കേസ് ഉള്‍പ്പടെ നിരവധി അഴിമതി ആരോപണങ്ങളുടെ കളങ്കമുള്ള യുഡിഎഫിന് അത് മാറ്റാന്‍ വിജയം അനിവാര്യമാണ്. സര്‍ക്കാര്‍ വിരുദ്ധവികാരം മുതലെടുത്ത് മണ്ഡലം പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യം വെക്കുന്നത്.


