പഞ്ചാബ് മന്ത്രിക്ക് നേരെ അമേരിക്കയില്‍ ചെരിപ്പിനേറ്

ന്യൂയോര്‍ക്ക്: പഞ്ചാബ് സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രി ടോട്ട സിങ്ങിന് നേര്‍ക്ക് യു.എസില്‍ സിക്ക് വംശജരുടെ ചെരുപ്പിനേറ്.

മന്ത്രിക്കെതിരെയും മറ്റ് അകാലിദള്‍ നേതാക്കള്‍ക്കെതിരെയും സിക്കുകാര്‍ ചെരുപ്പും കല്ലും എറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പഞ്ചാബ് സര്‍ക്കാരിലെ വിദേശകാര്യ മന്ത്രാലയവും അകാലിദള്‍ നേതാക്കളും ചേര്‍ന്ന് റിച്ച്മണ്ട് ഹില്ലില്‍ നടത്തിയ യോഗത്തിനിടെ വടക്കേ അമേരിക്കയിലെ സിക്ക് ഫോര്‍ ജസ്റ്റിസ് അടക്കമുള്ള സംഘടനകളുടെ നൂറോളം വരുന്ന പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി വേദിയിലെത്തുകയായിരുന്നു. പരിപാടി നടക്കുന്ന വേദി വളഞ്ഞ പ്രതിഷേധക്കാര്‍ ഷൂസൂം കല്ലുമുപയോഗിച്ച് മന്ത്രിയേയും മറ്റ് നേതാക്കളെയും ആക്രമിച്ചു.

1990കളിലുണ്ടായ സായുധ കലാപത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതില്‍ പഞ്ചാബ് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് വടക്കേ അമേരിക്കയിലെ സിക്ക് സംഘടന പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മന്ത്രിയും സംഘവും ഇവിടെയെത്തിയത്.

2017ല്‍ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ യുഎസിലും കാനഡയിലുമുള്ള സിക്കുകാരുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് ടോട്ട സിങ്ങും നേതാക്കളും യുഎസിലെത്തിയത്.

Top