അഭ്യൂഹങ്ങള്‍ക്ക് വിരാമം, പുടിന്‍ പ്രത്യക്ഷപ്പെട്ടു

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സുപ്രീംകോടതി പ്രസിഡന്റ് വൈചെസ്ലേവ് ലെബേദേവുമായി കൂടിക്കാഴ്ച നടത്തുന്നു.
മോസ്‌കോ: അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രത്യക്ഷപ്പെട്ടു. സുപ്രീംകോടതി പ്രസിഡന്റ് വൈചെസ്ലേവ് ലെബേദേവുമായി പുടിന്‍ കൂടിക്കാഴ്ച നടത്തുന്ന വിഡിയൊ ദൃശ്യങ്ങള്‍ ചാനല്‍ എന്‍ടിവിയാണു സംപ്രേഷണം ചെയ്തത്. ഇരുവരും വെള്ളിയാഴ്ചയാണു കൂടിക്കാഴ്ച നടത്തിയതെന്നു റിപ്പോര്‍ട്ട്. ജുഡീഷ്യറിയുടെ പരിഷ്‌കരണം സംബന്ധിച്ചായിരുന്നു ചര്‍ച്ച. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റുമായി ഇന്ന് പുടിന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചന. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലായിരിക്കും കൂടിക്കാഴ്ച.
ഈ മാസം അഞ്ചിനാണു പുടിന്‍ അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പത്തു ദിവസമായി യാതൊരു വിവരവുമില്ലായിരുന്നു. ഇദ്ദേഹം മരണാസന്നനാണെന്നും തടവിലാണെന്നും അഭ്യൂഹങ്ങള്‍ പരന്നു. ഇതിനിടെ കാമുകിയും ജിംനാസ്റ്റിക് താരവുമായ അലീന കബയേവയുടെ പ്രസവനത്തോടനുബന്ധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. അലീന പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതായി വാര്‍ത്ത പുറത്തുവരികയും ചെയ്തു. ഭാര്യ ലൂഡിമിലയില്‍ നിന്നു പുടിന്‍ നേരത്തേ തന്നെ വിവാഹമോചനം നേടിയിരുന്നു.

Top