ന്യൂഡല്‍ഹി: ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ബാധിച്ച് മരിച്ചത് 35,000 പേര്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളടങ്ങിയിരിക്കുന്നത്.
പ്രതിവര്‍ഷം 2.6 കോടി ആളുകള്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കു ചികിത്സ തേടുന്നു. ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നു അന്തരീക്ഷ മലിനികരണമാണെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രാജ്യസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മരണകാരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് അന്തരീക്ഷ മലിനീകരണത്തിനുള്ളത്. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജേര്‍ണല്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഡല്‍ഹിയില്‍ മാത്രം ഒരുദിവസം അന്തരീക്ഷ മലിനീകരണം മൂലം 80 പേര്‍ മരിക്കുന്നുണ്ടെന്നാണ്.
കഴിഞ്ഞ പതിറ്റാണ്ടിനിടെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട മരണനിരക്ക് നാലിരട്ടിയായെന്നു ഇക്കഴിഞ്ഞ മേയില്‍ ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ഇന്ത്യയെയും ചൈനയെയുമാണ് ഇത് കൂടുതല്‍ ബാധിച്ചതും.


