അധ്യാപകന്റെ കൈവെട്ട് കേസ്: 13 പേര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ.ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. 18 പേരെ കോടതി വെറുതെ വിട്ടു. കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും.

ഗൂഢാലോചന, അന്യമായി സംഘം ചേരൽ, വധശ്രമം, മാരകമായി മുറിവേൽപ്പിക്കൽ, നിയമവിരുദ്ധ പ്രവർത്തനം തടയൽ, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ ആകെ 37 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മുഖ്യപ്രതി അടക്കം അഞ്ച് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനായിരുന്നു ആക്രമികള്‍ പ്രൊഫസറിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.

വിധി എന്ത് തന്നെയായാലും അത് തന്നെ ബാധിക്കില്ലെന്ന് പ്രൊഫസര്‍ ടി.ജെ ജോസഫ് പറഞ്ഞു. മനസാക്ഷിയുടെ കോടതിയില്‍ താന്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Top