ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ നിര്‍മാണത്തിലുള്ള കല്‍ക്കരി ഖനിയ്ക്ക് ഓസ്‌ട്രേലിയന്‍ കോടതി പ്രവര്‍ത്താനുമതി നിഷേധിച്ചു. സര്‍ക്കാര്‍ അനുവദിച്ച ഖനിയുടെ പാരിസ്ഥിതികാനുമതി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതി ബുധനാഴ്ച റദ്ദാക്കി.
ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനികളിലൊന്നായ കാര്‍മിക്കല്‍ കോള്‍ മൈന്‍ ആന്റ് റെയില്‍ പ്രൊജക്ടിന്റെ അനുമതിയാണ് റദ്ദാക്കിയത്. ക്വീന്‍സ്ലാന്റിലാണ് ഖനി സ്ഥിതിചെയ്യുന്നത്.
അതേസമയം, കോടതി വിധി സാങ്കേതിക പിഴവ് മാത്രമാണെന്നും ഉടനെ വിലക്ക് റദ്ദാക്കാനാകുമെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഗ്രെയ്റ്റ് ബാരിയര്‍ റീഫിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് മാകെ കണ്‍സര്‍വേഷന്‍ ഗ്രൂപ്പ് എന്ന പരിസ്ഥിതി സംഘടനയാണ് ഖനിക്കെതിരെ കോടതിയെ സമീപിച്ചത്.
2010 ലാണ് കല്‍ക്കരി പദ്ധതി അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നത്. കല്‍ക്കരി ഖനി ആരംഭിക്കുകയും പ്രദേശത്തേക്ക് ആരംഭിച്ച റെയില്‍വേ ലൈന്‍ ഉപയോഗിച്ച് തീരത്തെത്തിച്ച് കല്‍ക്കരി ഇന്ത്യയിലെത്തിക്കാനുമായിരുന്നു അദാനിയുടെ പദ്ധതി. പത്ത് ബില്യണ്‍ ആസ്‌ട്രേലിയന്‍ ഡോളര്‍ മുതല്‍മുടക്ക് വരുന്ന പദ്ധതിക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് അദാനി ഗ്രൂപ്പിന് വിനയായത്. പദ്ധതിക്കെതിരെ സമരം ശക്തമായതോടെ ബാങ്കുകളും കല്‍ക്കരി പദ്ധതിക്കായുള്ള ലോണ്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.


