അത്‌ലറ്റികൊ ഡി കൊല്‍ക്കത്തയെ ബ്ലാസ്‌റ്റേഴ്‌സ് തളച്ചു

കൊച്ചി: വംഗനാടിന്റെ ഫുട്‌ബോള്‍ പെരുമയെ ഭാഗ്യത്തിന്റെ കൂടി സഹായത്തോടെ മലര്‍ത്തിയടിച്ച് കേരനാടിന്റെ പൊട്ടിത്തെറി…! ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറെ മത്സരങ്ങള്‍ക്ക് ശേഷം ക്ലാസിക് വിരുന്നൊരുക്കിയ പോരില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ കീഴടക്കി. കനേഡിയന്‍ അറ്റാക്കര്‍ ഇയാന്‍ ഹ്യൂമും ബ്രസീലിയന്‍ വിംഗര്‍ ഗുസമാവോയും കേരളത്തിനായി ലക്ഷ്യം കണ്ടപ്പോള്‍ എത്യോപ്യന്‍ സ്‌െ്രെടക്കര്‍ ഫിക്രുവായിരുന്നു കൊല്‍ക്കത്തയുടെ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ കേരളം 20ന് മുന്നില്‍. നാലാം മിനുട്ടിലായിരുന്നു ഹ്യൂമിന്റെ ലീഡ് ഗോള്‍. 42ാം മിനുട്ടില്‍ ഗുസമാവോയുടെ അപ്രതീക്ഷിത ഗോള്‍. ഫിക്രുവിലൂടെ കൊല്‍ക്കത്തയുടെ തിരിച്ചടി അമ്പത്തഞ്ചാം മിനുട്ടില്‍. ഇഞ്ചുറി ടൈമില്‍ കൊല്‍ക്കത്തക്ക് അര്‍ഹിച്ച ഗോള്‍ അനുവദിക്കാതെ പോയത് മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നും ജയത്തിന് അല്പം മങ്ങലേല്‍പ്പിച്ചത്. രാജ്യാന്തര, ക്ലബ്ബ് മത്സരങ്ങള്‍ നിയന്ത്രിച്ച സൂപ്പര്‍ ഗോളി റാവ്ഷാന്‍ ഇമാതോവ് നിയന്ത്രിച്ച മത്സരത്തിലെ ഏക കല്ലുകടിയും ഈ ഗോള്‍ നിഷേധമായിരുന്നു.

ലീഗില്‍ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് പതിനഞ്ച് പോയിന്റോടെ ടേബിളില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഇത്രയും മത്സരങ്ങളില്‍ നിന്ന് കൊല്‍ക്കത്ത 16 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റും കൊല്‍ക്കത്തയേക്കാള്‍ ഗോള്‍ബലവുമുള്ള ചെന്നൈയിന്‍ എഫ് സി ഒന്നാം സ്ഥാനത്ത്. ഇന്ന് ഹോംഗ്രൗണ്ടില്‍ വെച്ച് പൂനെ സിറ്റി എഫ് സിയെ തോല്‍പ്പിച്ചാല്‍ ചെന്നൈക്ക് ടേബിളിലെ കരുത്ത് കൂട്ടാം. കേരളത്തിന്റെ ഇംഗ്ലീഷ് താരം മൈക്കല്‍ ചോപ്രയും കൊല്‍ക്കത്തയുടെ സ്പാനിഷ് സൂപ്പര്‍ താരം ഗാര്‍സിയയും രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. ഗാര്‍സിയ ഇറങ്ങിയതോടെയാണ് കൊല്‍ക്കത്തയുടെ നീക്കങ്ങള്‍ക്ക് കുറേക്കൂടി ചടുലത വന്നത്. എന്നാല്‍, ക്ലിനിക്കല്‍ ഫിനിഷിംഗില്‍ മുന്തി നിന്നത് കേരളത്തിന് ടൂര്‍ണമെന്റിലെ നാലാം ജയം സമ്മാനിച്ചു.

Top