അത്ഭുതകഥ പോലെ മയക്കുമരുന്ന് രാജാവിന്റെ ജയില്‍ചാട്ടം;ഞെട്ടിത്തരിച്ച് സര്‍ക്കാര്‍

അല്‍മൊലോയ ഡി ജുവാറെസ്: അത്ഭുതകഥ പോലെയാണ് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് ജൊവാക്വിന്‍ എല്‍ ചാപോ ഗുസ്മാന്‍ ജയില്‍ ചാടിയത്.

24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിലുള്ള മുറിയില്‍ നിന്നും ഗുസ്മാന്‍ കുളിമുറിക്കടിയിലെ തുരങ്കംവഴി രക്ഷപ്പെട്ടത് മെക്‌സിക്കന്‍ സര്‍ക്കാരിനെപോലും പ്രതിസന്ധിയിലാക്കി.

മെക്‌സിക്കോ നഗരത്തില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്ത് 90 കിലോമീറ്റര്‍ അകലെയുള്ള ആള്‍ട്ടിപ്ലാനോയിലെ അതിസുരക്ഷാ സംവിധാനമുള്ള ജയിലില്‍ നിന്ന് ശനിയാഴ്ച രാത്രിയോടെയാണ് ഗുസ്മാന്‍ രക്ഷപ്പെട്ടത്.

ആഗോളതലത്തില്‍ വേരുകളുള്ള മയക്കുമരുന്ന് മാഫിയയായ ‘സിനലോവ കാര്‍ട്ടലി’ന്റെ തലവനായ ഗുസ്മാന്‍ 2014 ഫെബ്രുവരിയിലാണ് പിടിക്കപ്പെട്ടത്.

സുരക്ഷാ ക്യാമറകളില്‍ നിന്ന് ഗുസ്മാനെ കാണാതായതോടെ സെല്ലിനുള്ളില്‍ കടന്ന ജീവനക്കാര്‍ 10 മീറ്റര്‍ ആഴത്തിലുള്ള ദ്വാരം കണ്ടെത്തിയതായി നാഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ മോണ്ടെ അലജാന്‍ഡ്രോ റുബിഡോ അറിയിച്ചു. ഇതോടൊപ്പം ഏണിയും കണ്ടെത്തി.

മാത്രമല്ല ടണലിലേക്ക് തുറക്കുന്ന വിടവില്‍ ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവുമുണ്ട്. നിര്‍മ്മാണപ്രവൃത്തി നടക്കുന്ന ഒരു കെട്ടിടത്തിലേക്കാണ് ടണല്‍ ചെന്നെത്തുന്നത്.

1.7 മീറ്റര്‍ ഉയരവും 80 സെന്റി മീറ്റര്‍ വീതിയുമുള്ള ടണലില്‍ പണിയായുധങ്ങള്‍ കൊണ്ടുപോകാനുപയോഗിക്കുന്ന ഒരു മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തിയിട്ടുണ്ട്. ടണല്‍ അവസാനിക്കുന്ന സ്ഥലം നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതും ആള്‍പ്പാര്‍പ്പില്ലാത്ത കുന്നുകളാല്‍ ചുറ്റപ്പെട്ടതുമായ പ്രദേശമാണ്.

അമേരിക്കയിലേക്ക് അടക്കം വിവിധ യൂറോപ്യന്‍രാജ്യങ്ങളിലേക്ക് മയക്കമമരുന്ന് കളളക്കടത്തു നടത്തുന്നത് ഗുസ്മാന്റെ ‘സിനലോവ കാര്‍ട്ടല്‍’ എന്ന മാഫിയാ സംഘമാണ്. അമേരിക്കയുടെ കൂടി സഹോയത്തോടെ 2001ല്‍ ഗുസ്മാനെ പിടികൂടി ജയിലില്‍ അടച്ചിരുന്നു.

അന്ന് ജയിലിലെ വസ്ത്രങ്ങള്‍ അലക്കുന്നതിനായി കൊണ്ടുപോകുന്ന വാഹനത്തിലാണ് ഗുസ്മാന്‍ രക്ഷപ്പെട്ടത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്ന് 2014ല്‍ മെക്‌സിക്കന്‍ ബീച്ചിലെ റിസോര്‍ട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ഒടുവില്‍ ഗുസ്മാന്‍ പിടിയിലാകുന്നത്.

സായുധരായ വലിയ അധോലോക സംഘമാണ് ഗുസ്മാന് കീഴിലുള്ളത്. ഗുസ്മാനെ പിടികൂടാന്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 3.8 മില്യണ്‍ ഡോളറാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

Top