മുംബൈ: ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിനെതിരായ സി.പി.ഐ ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ചാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സണ്ണി ലിയോണ്‍ രംഗത്ത്. സഹായം ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കാതെ തന്റെ പേരില്‍ സമയവും ഊര്‍ജവും കളയുന്നത് ഖേദകരമാണെന്നാണ് സണ്ണി ലിയോണ്‍ ട്വിറ്റില്‍ കുറിച്ചത്.
സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യം രാജ്യത്ത് ബലാത്സംഗം പ്രോത്സാഹിപ്പിക്കുമെന്ന് അതുല്‍ കുമാര്‍ അഞ്ചാന്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
അതേസമയം പ്രസ്താവന വിവാദമായതോടെ അതുല്‍കുമാര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പരസ്യത്തിന്റെ ഉള്ളടക്കത്തെ അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി. അശ്ലീല സിനിമകളേയും സണ്ണി ലിയോണിനേയും പിന്തുണയ്ക്കുന്നവര്‍ എതിര്‍പ്പുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് മാപ്പ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സണ്ണി ലിയോണിന്റെ പരസ്യം പറയുന്നത് അസഭ്യമാണ്. ഗര്‍ഭനിരോധന ഉറകള്‍ക്ക് താന്‍ എതിരല്ല. എന്നാല്‍ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാന്‍ഫോഴ്‌സ് എന്ന കോണ്ടത്തിന്റെ പരസ്യത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പൊതുറാലിയില്‍ സംസാരിക്കവെയാണ് അതുല്‍ കുമാര്‍ വിവാദ പ്രസ്താവന നടത്തിയത്.
ഖാബര്‍ ഇന്ത്യ എന്ന ടിവി ചാനല്‍ അദ്ദേഹത്തിന്റെ പ്രസംഗം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ജനങ്ങളുടെ സാമാന്യബോധം നശിപ്പിക്കുന്നതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതുമായ ഇത്തരം വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ രാജ്യത്ത് ബലാത്സംഗങ്ങള്‍ കൂടുമെന്നായിരുന്നു അതുല്‍കുമാറിന്റെ വിവാദ പരാമര്‍ശം.


