അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇന്ത്യയെന്ന് പാക് സൈന്യം

ഇസ്‌ലാമാബാദ്: നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇന്ത്യന്‍ സൈന്യമാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ സൈന്യം.

ഇന്ന് രാവിലെ നാകിയല്‍ സെക്ടറില്‍ പ്രകേപനമില്ലാതെ ഇന്ത്യന്‍ സൈന്യം ഷെല്ലാക്രമണവും വെടിവയ്പും നടത്തിയതായി പാക്ക് സൈന്യം അവകാശപ്പെട്ടു. പാക്കിസ്ഥാനും ശക്തമായി തിരിച്ചടിച്ചതായും വ്യക്തമാക്കി.

അതിര്‍ത്തിയില്‍ സമാധാനം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ ബിഎസ്എഫ്-പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് ഡയറക്ടര്‍ ജനറല്‍മാര്‍ കൂടിക്കാഴ്ച നടത്തി രണ്ടുദിവസം പിന്നിടുമ്പോഴാണ് പാക്കിസ്ഥാന്‍ പുതിയ ആരോപണമുയര്‍ത്തിയിരിക്കുന്നത്.

അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയില്‍ ധാരണയായിരുന്നു.

വെടിനിര്‍ത്തല്‍ ലംഘനവും നുഴഞ്ഞുകയറ്റവും ഉണ്ടായാല്‍ വിവരം ഉടന്‍ ഇ-മെയിലിലൂടെയും ഫോണിലൂടെയും കൈമാറും. ബിഎസ്എഫിന്റെയും പാക്ക് റേഞ്ചേഴ്‌സിന്റെയും ടീമുകള്‍ തമ്മില്‍ വോളിബോള്‍ – ബാസ്‌കറ്റ് ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കും. സാംസ്‌കാരിക പരിപാടികള്‍ നടത്താനും രണ്ടു ദിവസം നീണ്ടുനിന്ന ചര്‍ച്ചകളില്‍ തീരുമാനമെടുത്തിരുന്നു.

Top