അഗളി: അട്ടപ്പാടിയിലെ വനമേഖലയില്‍ കഞ്ചാവ് തോട്ടം എക്‌സൈസ് വകുപ്പ് വെട്ടി നശിപ്പിച്ചു. ഒരേക്കറില്‍ വരുന്ന 263 കഞ്ചാവ് ചടികളാണ് നശിപ്പിച്ചത്. നാലുമാസം പ്രായമായ കഞ്ചാവ് ചെടികളാണ് വെട്ടിനശിപ്പിച്ചത്. ഇവ മൂപ്പെത്തിയാല്‍ അമ്പത് കിലോ ഉണക്ക കഞ്ചാവ് ലഭിക്കും.
പുതൂര്‍ പഞ്ചായത്തിലെ കടുകുമണ്ണ ഊരില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ കിഴക്കു ഭാഗത്തായി വനമേഖലയിലായിരുന്നു കഞ്ചാവു കൃഷി. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കഞ്ചാവു തോട്ടത്തിനുള്ളിലുണ്ടായിരുന്ന ഷെഡ് കാട്ടാന തകര്‍ത്ത നിലയിലായിരുന്നു.
മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാജേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. ഉമ്മര്‍, പ്രിവന്റീവ് ഓഫീസര്‍ പി. യൂനസ്, സി.ഇ.ഒ മാരായ ജി. ഷിജു, എം. കുമാര്‍, കെ.പി റഷീദ, ടി. സ്മിത, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.


