അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ 5.8 ശതമാനത്തിന്റെ വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനമേഖല ശക്തമായി തിരിച്ചുവരുന്നതായുളള സൂചനകള്‍ നല്‍കി 5.8 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. കല്‍ക്കരി, സ്റ്റീല്‍, വൈദ്യുതി എന്നി മേഖലകളില്‍ ഉല്‍പ്പാദനം ശക്തിപ്പെട്ടതാണ് മുന്നേറ്റത്തിന് കാരണം. ആഗസ്ത് മാസത്തിലെ റിപ്പോര്‍ട്ടിലാണ് മുന്നേറ്റം പ്രകടമായിരിക്കുന്നത്.

മുന്‍ സാമ്പത്തികവര്‍ഷം സമാനകാലയളവില്‍ 4.7 ശതമാനം വളര്‍ച്ച മാത്രം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ഈ മുന്നേറ്റം. കല്‍ക്കരി, സറ്റീല്‍, വൈദ്യൂതി എന്നി മേഖലകള്‍ക്ക് പുറമേ സിമന്റ് ഉല്‍പ്പാദനരംഗത്തും ഉണര്‍വ് പ്രകടമായി. കല്‍ക്കരി ഉല്‍പ്പാദനത്തില്‍ 13.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സ്റ്റീലും വൈദ്യുതിയും യഥാക്രമം 9.1 ശതമാനവും, 10.3 ശതമാനവും ഉല്‍പ്പാദനവളര്‍ച്ച നേടി.

സിമന്റിന്റെ വളര്‍ച്ചാ 12.6 ശതമാനമാണ്. അതേസമയം അസംസ്‌ക്യത എണ്ണ, പ്രക്യതി വാതകം, പെട്രോളിയം ഉല്‍പ്പനങ്ങള്‍, വളം എന്നി മറ്റുസുപ്രധാനമേഖലകള്‍ ഇടിവ് രേഖപ്പെടുത്തി. അസംസ്‌ക്യത എണ്ണയുടെ ഉല്‍പ്പാദനത്തില്‍ 4.9 ശതമാനത്തിന്റെ തളര്‍ച്ച നേരിട്ടു.

പ്രകൃതിവാതക ഉല്‍പ്പാദനത്തിലെ ഇടിവ് 8.3 ശതമാനമാണ്. പെട്രോളിയം ഉല്‍പ്പനങ്ങള്‍, വളം എന്നിവ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ആഗസറ്റ് വരെ അടിസ്ഥാനസൗകര്യവികസനമേഖല 4.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Top