അഞ്ചു ഭാഷകളിലായി പ്രിയദര്‍ശന്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം എത്തുന്നു

അഞ്ചു ഭാഷകളിലായി 28 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ചിത്രം എത്തുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന് പുറമേ അപര്‍ണ, പ്രാതാപ് പോത്തന്‍, ശശികുമാര്‍ എന്നിവര്‍ക്ക് പുറമേ അസര്‍ബൈജാനിലെ 21 താരങ്ങളുമാണ് മറ്റ് വേഷങ്ങളില്‍ എത്തുക.

അസര്‍ബൈജാനിലെ റൌഫ് ജി.മെഹ്ദിയേവും ഫുള്‍ ഹൌസ് പ്രൊഡക്ഷന്റെ ജെയ്‌സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൂര്‍ണമായും അസര്‍ബെയ്ജാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒക്ടോബര്‍ ഒന്നിനു ആരംഭിക്കും.

മലയാളം, അസറി, റഷ്യന്‍, ടര്‍ക്കിഷ്, ചൈനീസ് ഭാഷകളില്‍ റിലീസ് ചെയ്യും. മലയാളത്തിലും അസറിയിലും ചിത്രീകരിച്ച ശേഷം മറ്റു മൂന്നു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍ ഒരുക്കുന്ന ചിത്രമായിരിക്കും ഇത്.

അമ്മയെ അന്വേഷിച്ചു റഷ്യയിലേക്ക് പോകുന്ന മകളും അവളുടെ ഭര്‍ത്താവും അസര്‍ബയ്ജാനില്‍ എത്തുന്നതും അവര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമാണ് സിനിമ പറയുക. ചിത്രത്തിന് പേര് ഇട്ടിട്ടില്ല.

റഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിലുണ്ടാകും. ഇളയരാജയാണ് സംഗീതം.സാബു സിറില്‍ കലാസംവിധാനം.

Top