ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം; സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം.

ഇന്നു രാത്രി പന്ത്രണ്ടു വരെയാണ് പണിമുടക്ക്. റെയില്‍വേ ഒഴികെയുള്ള എല്ലാ മേഖലകളേയും പണിമുടക്കു ബാധിക്കും.
ബി.ജെ.പിയുടെ ആഭിമുഖ്യത്തിലുള്ള ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്) പിന്മാറിയെങ്കിലും പത്ത് പ്രമുഖ തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

പണിമുടക്കുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു വന്‍ സുരക്ഷയാണു പോലീസ് ഒരുക്കിയിട്ടുള്ളത്. പ്രത്യേകിച്ചു സി.പി.എം- ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന വടക്കന്‍ ജില്ലകളില്‍.

എല്ലാ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു ഹാജരാകാത്ത ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും.

വിലക്കയറ്റം നിയന്ത്രിയ്ക്കുക, തൊഴില്‍ നിയമം ഭേദഗതി വരുത്താനുള്ള നീക്കം ഉപേക്ഷിയ്ക്കുക, സുപ്രധാന മേഖലകളില്‍ വിദേശനിക്ഷേപം അനുവദിയ്ക്കാതിരിയ്ക്കുക, മിനിമ വേതനം ഉയര്‍ത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കേരളത്തില്‍ എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ പണിമുടക്ക് പൂര്‍ണമാകും. ആശുപത്രി, പത്രം, പാല്‍ വിതരണം തുടങ്ങിയ അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അക്രമത്തില്‍ ഏര്‍പ്പെടുകയോ, പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മുന്‍കൂര്‍ അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സാഹചര്യത്തിലൊഴികെ അവധി അനുവദിക്കില്ല.

Top