അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കോഴിക്കോട്: സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എളുപ്പം എത്തിക്കാന്‍ കൊണ്ടുവന്ന അക്ഷയകേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടേ ആധാര്‍ എടുത്ത് നല്‍കിയതില്‍ മാത്രം സംസ്ഥാനത്തെ മൊത്തം അക്ഷയകേന്ദ്രങ്ങള്‍ക്ക് കിട്ടാനുള്ളത് നാലുകോടി രൂപ. കടംവാങ്ങി തുടങ്ങിയ അക്ഷയകേന്ദ്രങ്ങള്‍ സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള പണം ലഭിക്കാത്തതുകാരണം നടത്തിപ്പ് അങ്ങേയറ്റം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നു പ്രവര്‍ത്തകര്‍.

സ്വകാര്യ കമ്പനിയായ ‘സ്വാതി’ക്ക് 50 രൂപ നിരക്കിലും അക്ഷയ്ക്ക് 30 രൂപ നിരക്കിലുമാണ് ആധാര്‍ നടപ്പിലാക്കാന്‍ കരാര്‍ നല്‍കിയത്. ‘സ്വാതി’ക്ക് കൃത്യമായ ഫണ്ട് നല്‍കുകയും അക്ഷയ്ക്ക് കൃത്യമായി നല്‍കാതിരിക്കുകയും ചെയ്തു. ഇന്നും തരും നാളെത്തരുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ വട്ടം കറക്കുമ്പോള്‍ വാടകകൊടുക്കാനാവാതെ, തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാവാതെ അക്ഷയകേന്ദ്രങ്ങള്‍ സേവനങ്ങളില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങുകയാണ്.

മൂന്നും നാലും തൊഴിലാളികളാണ് ഓരോ അക്ഷയ കേന്ദ്രങ്ങളിലുമുള്ളത്. ശമ്പളം ലഭിക്കാത്തിനാല്‍ അക്ഷയ കേന്ദ്രങ്ങളിലെ ജോലിക്ക് ഇപ്പോ ള്‍ ആളെ ലഭിക്കുന്നില്ല. കൃത്യമായ വരുമാനം ലഭിക്കാത്തതിനാലും ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തതിനാലും പല കേന്ദ്രങ്ങളും ഇതിനോടകം അടച്ചു പൂട്ടി. ഒരു സര്‍ട്ടിഫിക്കറ്റിന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 17 രൂപയാണ് ഇതില്‍ പത്തുരൂപ അക്ഷയ്ക്കും ഏഴുരൂപ സര്‍ക്കാരിനുമാണ്.

Top