ഗൂണ്ടാ കേസ് പ്രതി വി.എ സക്കീര്‍ ഹുസൈന്‍ വീണ്ടും സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി

കൊച്ചി: ഗൂണ്ടാ കേസില്‍ പ്രതിയായ വിഎ സക്കീര്‍ ഹുസൈനെ സിപിഐഎം കളമശേരി ഏരിയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.

ചൊവ്വാഴ്ച സമാപിച്ച ഏരിയ കമ്മിറ്റി സമ്മേളനത്തിലാണ് സക്കീറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ഗൂണ്ടാകേസില്‍ അറസ്റ്റിലായി ഒരു വര്‍ഷം തികയുന്നതിനിടെയാണ് സക്കീറിനെ പാര്‍ട്ടി വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 17 നാണ് സക്കീര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഡിസംബര്‍ 15 ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി സക്കീറിനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയെങ്കിലും അധികം താമസിയാതെ അദ്ദേഹം സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.

വെണ്ണല സ്വദേശിയായ വ്യവസായി ജൂബ് പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നായിരുന്നു കേസ്.

35 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ഷീല തോമസുമായി ചേര്‍ന്ന് വ്യവസായ സ്ഥാപനം ആരംഭിച്ചെന്നും പിന്നീട് സ്ഥാപനത്തിന്റെ പൂര്‍ണ അവകാശം അവര്‍ക്കു വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയി സിപിഐഎം നേതാക്കള്‍ മുഖേന തന്നെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ജൂബ് പൗലോസിന്റെ പരാതി.

Top