യൂട്യൂബ് പുതിയ മ്യൂസിക് സ്ട്രീമിങ് സേവനത്തിന് നാളെ തുടക്കമാകും

യൂട്യൂബ് പുതിയ മ്യൂസിക് സ്ട്രീമിങ് സേവനത്തിന് നാളെ തുടക്കമിടും. ആപ്പിള്‍ മ്യൂസിക്, സ്‌പോടിഫൈ, ആമസോണ്‍ പോലുള്ള മ്യൂസിക് സ്ട്രീമിങ് സേവനങ്ങള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനാണ് പുതിയ സേവനം. ഗൂഗിള്‍ പ്ലേ മ്യൂസിക്കിന് പകരമായിരിക്കും ഗൂഗിളിന്റെ പുതിയ സേവനം. സബ്‌സ്‌ക്രിപ്ഷന്‍ സൗകര്യത്തോടുകൂടിയുള്ള സേവനമായിരിക്കും ഇതും. യൂട്യൂബ് മ്യൂസിക് പ്രീമിയം വരിക്കാരാവാന്‍ പ്രതിമാസം 9.99 ഡോളര്‍ ആണ് (ഏകദേശം 679 രൂപ) ചിലവ്.

അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ അധികം താമസിയാതെ ഈ സേവനമെത്തും. അതിന് ശേഷം ബ്രിട്ടന്‍ ഉള്‍പ്പടെ മറ്റ് 14 രാജ്യങ്ങളില്‍ സേവനം ലഭ്യമാക്കും. റീമിക്‌സുകള്‍, തത്സമയ പ്രകടനങ്ങള്‍, പാട്ടുകളുടെ കവര്‍ പതിപ്പുകള്‍, മറ്റെവിടെയും ലഭിക്കാത്ത മ്യൂസിക് വീഡിയോ ശേഖരങ്ങള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കില്‍ ഉണ്ടാകുമെന്ന് പ്രൊഡക്റ്റ് മാനേജര്‍ ഏലിയാസ് റോമന്‍ പറഞ്ഞു.

യൂട്യൂബ് മ്യൂസിക് നിലവില്‍ വന്നാലും ഗൂഗിള്‍ പ്ലേ മ്യൂസിക് സേവനം നിലനില്‍ക്കും. ഗൂഗിള്‍ പ്ലേ മ്യൂസിക്കിന്റെ നിലവിലുള്ള വരിക്കാര്‍ ഓട്ടോമാറ്റിക് ആയി പുതിയ സേവനത്തിന്റെ വരിക്കാരായി മാറും.

പരസ്യമുള്ള സൗജന്യമായ യൂട്യൂബ് മ്യൂസിക്കിനെ കൂടാതെ പരസ്യമില്ലാത്ത യൂട്യൂബ് മ്യൂസിക് പ്രീമിയവുമുണ്ട്. പാട്ടു മാത്രമുള്ള യൂട്യൂബ് റെഡ് ആപ്പിന് പകരമാണിത്. കേള്‍ക്കാനും കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ബാക്ക്ഗ്രൗണ്ട്, ഓഫ്‌ലൈന്‍ പ്ലേ സൗകര്യവുമുണ്ട്. ഗൂഗിള്‍ പ്ലേ മ്യൂസിക്, യൂട്യൂബ് റെഡ് ആപ്പിന്റെ നിലവിലുള്ള വരിക്കാര്‍ക്ക് തനിയെ ഈ സേവനം ലഭിക്കും.

വിദേശ രാജ്യങ്ങളിലുള്ള യൂട്യൂബ് റെഡ് എന്ന മ്യൂസിക് ആപ് ഇന്ത്യയില്‍ എത്തിയിട്ടില്ലാത്തതിനാല്‍ യൂട്യൂബ് മ്യൂസിക്കും എന്നെത്തുമെന്ന് സൂചനയില്ല.

Top