ഉടുപ്പും ഷോര്‍ട്ട് സ്‌കര്‍ട്ടും ധരിച്ച യുവതി ; വിവി അസിസ്റ്റന്റ് ഇപ്പോള്‍ ഓഫ്‌ലൈനില്‍

കാര്യക്ഷമതയുടേയും സാങ്കേതിക വിദ്യയുടേയും സഹായത്താല്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് അസിസ്റ്റന്റ് നിലവില്‍ ഉണ്ട്.

എന്നാല്‍ വിവി എന്നുപേരുള്ള ‘ ‘flirty secretary’എന്ന് വിളിക്കുന്ന സ്മാര്‍ട്ട് അസിസ്റ്റന്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

ചൈനയിലെ വന്‍കിട ടെക് കമ്പനിയായ ബൈദുവിന്റെ വീഡിയോ പ്ലാറ്റ് ഫോം ആയ ഇക്യുയി പുറത്തിറക്കിയ വിര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളിലാണ് വിവി അവതരിപ്പിച്ചിരിക്കുന്നത്.

ഓഫീസില്‍ ധരിക്കുന്നതുപോലുള്ള ഉടുപ്പും ഷോര്‍ട്ട് സ്‌കര്‍ട്ടും ധരിച്ച യുവതിയാണ് ‘വിവി’ എന്നു പേരുള്ള സ്മാര്‍ട്ട് അസിസ്റ്റന്റ്. സിനിമകളും വീഡിയോ ഗെയിമുകളും ഹെഡ്‌സെറ്റ് ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശിക്കുന്നതിനൊടൊപ്പം സംസാരിക്കാനും നൃത്തം ചെയ്യനും വിവിയ്ക്ക് സാധിക്കും.

എന്നാല്‍ കൂടുതല്‍ പരിഷ്‌കരിക്കുന്നതിനായി കമ്പനി വിവിയെ പിന്‍വലിച്ചിരിക്കുകയാണ് എന്നാണ് ഇക്യുയി അധികൃതര്‍ നല്‍കുന്ന വിശദീകരണം. വിവിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായതാണ് പിന്‍വലിക്കാന്‍ കാരണമെന്നും സൂചനയുണ്ട്.

‘ബില്‍റ്റ് ഇന്‍ ഗേള്‍ ഫ്രണ്ട്’ എന്ന പേരിലാണ് ഇക്യുയി പുതിയ വിആര്‍ ഹെഡ്‌സെറ്റ് സെറ്റ് അവതരിപ്പിച്ചത്. വിവിയുടെ ഓഫീസ് പശ്ചാത്തലത്തിലുള്ള കഥാപാത്ര നിര്‍മ്മിതി ജോലി സ്ഥലത്ത് സ്ത്രീകളെ ലൈംഗിക വസ്തുവാക്കി അവതരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് കമ്പനി അധികൃതര്‍ വിവിയെ ഓഫ്‌ലൈനാക്കുകയായിരുന്നു. ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ മാനിച്ച് മാറ്റങ്ങള്‍ വരുത്തുന്നതിനായി ഉല്‍പന്നം ഓഫ്‌ലൈന്‍ ആക്കിയിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും വിവാദങ്ങള്‍ക്ക് മറുപടിയായി അധികൃതര്‍ വിശദീകരിച്ചു.

Top