ഒരു ജില്ല, ഒരു ഉല്‍പ്പന്നം പദ്ധതി; 20 ലക്ഷം പേര്‍ക്ക് തൊഴിലെന്ന സ്വപ്നവുമായി യോഗി

YOGI

ഗോരഖ്പൂര്‍: ഒരു ജില്ലയില്‍ ഒരു ഉല്‍പ്പന്നം പദ്ധതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 21, 22 തീയതികളില്‍ നടക്കുന്ന ഉത്തര്‍ പ്രദേശ് ഇന്‍വസ്റ്റേഴ്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഗോരഖ്‌നാഥ് അമ്പലത്തിനു സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വര്‍ഷത്തോടെ തൊഴിലില്ലാത്ത 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപക ഉച്ചകോടിയിലൂടെ യുപിയിലെ വ്യവസായ വളര്‍ച്ചയ്ക്കും ഇണങ്ങിയ പരിസ്ഥിതി സംജാതമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. 20 ലക്ഷം യുവാക്കള്‍ക്ക് ഉച്ചകോടിയുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുമെന്നും, ചെറുകിട-കുടില്‍ വ്യവസായ സംരഭകര്‍ക്കും ഉച്ചകോടിയില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗോരഖ്പൂരിന്റെ കൈത്തറി-പാത്ര നിര്‍മ്മാണ ഉല്‍പ്പന്നങ്ങളും സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകരുടെ ഉച്ചകോടിക്ക് ശേഷം രാജ്യത്തു നിന്നും, വിദേശത്തു നിന്നുമുള്ള നിക്ഷേപകരുടെ ഉച്ചകോടി കൂടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗോരഖ്പൂരിലെ ഓരോ കോണിലും ഞാന്‍ ചെന്നെത്തി ജനങ്ങളുടെ പ്രയാസങ്ങള്‍ മനസിലാക്കിയെന്നും ഇവിടെ ജനങ്ങളുടെ നല്ലതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ വരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്പൂരിലെ എത്തനോള്‍ ഫാക്ടറിക്ക് 1200 കോടി സര്‍ക്കാര്‍ അനുവദിച്ചു. അതൊടൊപ്പം ഗോരഖ്പൂരിലെ വിനോദ സഞ്ചാര മേഖലയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുമെന്നും യോഗി വ്യക്തമാക്കി.

അതേസമയം ത്രിപുരയില്‍ ബിജെപിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇത്തവണ അവിടെ താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നത് സിപിഎം തൊഴിലാളികള്‍ക്ക് മാത്രമാണ്. ആളുകള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും യോഗി സൂചിപ്പിച്ചു. മഹാത്മ ഗാന്ധി തൊഴിലുറുപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് 1500 കോടി രൂപയാണ് ത്രിപുര സര്‍ക്കാരിന് അനുവദിച്ചത്. എന്നാല്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്നും യോഗി വിമര്‍ശിച്ചു.

മാണിക് സര്‍ക്കാരിനെതിരെ 200-ഓളം പരാതികള്‍ ലഭിച്ചിരുന്നെന്നും, കൂടുതലും ചികിത്സ, ഭൂമി, കുടുംബ തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പിപിഗന്‍ജിലെ മഹാദേവ ക്ഷേത്രവും യോഗി സന്ദര്‍ശിച്ചിരുന്നു. 11 പുരോഹിതര്‍ ചേര്‍ന്ന് നടത്തിയ രുദ്രാഭിഷേകത്തിലും യോഗി പങ്കെടുത്തിരുന്നു.

Top