മന്ത്രിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

yogi-adithyanath

ലക്നൗ: മന്ത്രിമാര്‍ എത്രയും വേഗം സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

15 ദിവസത്തിനുള്ളില്‍ മന്ത്രിമാര്‍ സ്വത്ത് വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കണം. മന്ത്രിമാരായ സിദ്ധാര്‍ഥ് സിങ്ങിനെയും ശ്രീകാന്ത് ശര്‍മ്മയെയും വക്താക്കളായി നിയമിച്ചു. ഇവര്‍ ദിവസവും സര്‍ക്കാരിന്റെ പരിപാടികളും മന്ത്രിസഭാ തീരുമാനങ്ങളും മാധ്യമങ്ങളോട് വിശദീകരിക്കും. മുഖ്യമന്ത്രിയുടെ ആദ്യ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അഴിമതിക്കെതിരായുള്ള ശക്തമായ നീക്കങ്ങളായിരിക്കും സര്‍ക്കാരിന്റെത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസത്തില്‍ 18 മണിക്കൂര്‍ ജോലി ചെയ്യുന്ന സംസ്‌ക്കാരം സംസ്ഥാനത്തും കൊണ്ട് വരും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ അനുബന്ധകാര്യങ്ങളെക്കുറിച്ച് ഉടന്‍ പരിശീലനം നല്‍കുമെന്നും ആദിത്യനാഥ് അറിയിച്ചു.

മന്ത്രിമാര്‍ വിവാദപരമായ പ്രസ്താവനകള്‍ നടത്തുകയോ വിവാദകാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

എല്ലാവര്‍ക്കും തുല്യനീതിയും വികസനവും കൊണ്ട് വരും. പാര്‍ട്ടി പ്രകടനപത്രികയില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സദ്ഭരണത്തിനും വികസനത്തിനുമാണ് ജനങ്ങള്‍ ബിജെപിക്ക് വോട്ട് നല്‍കിയിരിക്കുന്നത്. സാധാരണജനങ്ങളുടെ ക്ഷേമത്തിനായുള്ള അന്ത്യോദയ പദ്ധതി വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.Related posts

Back to top