യോഗി ആവശ്യപ്പെട്ടു; 5 മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വിട്ടു നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നിയമിച്ചു.

ഈ മാസമാദ്യം യുപിയില്‍ ഉദ്യോഗസ്ഥതലത്തില്‍ വലിയ അഴിച്ചുപണി നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ പുതിയ നടപടി. കഴിഞ്ഞ മാസം യോഗി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് 10 മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാനത്തിനായി ആവശ്യപ്പെട്ടത്.

തുടര്‍ന്ന് ഏതാണ്ട് മുപ്പതോളം പേരില്‍ നിന്നാണ് അഞ്ചുപേരെ യുപിയിലേക്ക് നിയോഗിക്കാന്‍ തീരുമാനിച്ചത്. 1992 ബാച്ച് ഉദ്യോഗസ്ഥന്‍ അനുരാഗ് ശ്രീവാസ്തവ, 1989 ഐഎഎസ് ബാച്ച് സഹാഷി പ്രകാശ് ഗോയല്‍ അദ്ദേഹത്തിന്റെ സഹപാഠികളായ സഞ്ജയ് ആര്‍. ഭൂസ്‌റെഡ്ഡി, പ്രശാന്ത് ത്രിവേദി, അലോക് കുമാര്‍ എന്നീ ഐഎഎസ് ഉദ്യോഗസ്ഥരാണ് യുപിയില്‍ പുതിയതായി ചുമതലയേറ്റത്.

ഇതില്‍ അനുരാഗ് ശ്രീവാസ്തവ അടുത്തമാസം മാത്രമേ യുപിയില്‍ എത്തുകയുള്ളൂ. നിലവില്‍ ആയുഷ് മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന അദ്ദേഹത്തിന് അടുത്തമാസം നടക്കുന്ന ലോക യോഗ ദിനത്തിന്റെ ചുമതലയുള്ളതിനാലാണ് ചുമതലയേല്‍ക്കാത്തത്.

പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശിലേക്കു പോകാന്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ചിലര്‍ മോദി സര്‍ക്കാരിനുവേണ്ടി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പര്യം കാരണമായി പറഞ്ഞപ്പോള്‍, വ്യക്തിപരമായ അസൗകര്യത്തിന്റെ പേരിലാണ് ചിലര്‍ വിയോജിച്ചത്.

അവിനാഷ് കുമാര്‍ അവാസ്തി എന്ന 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ മാസം യുപിയിലേക്ക് തിരികെ നിയമിച്ചിരുന്നു. അദ്ദേഹം യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ജില്ലാ മജിസ്‌ട്രേട്ട് ആണ്.

കഠിനാധ്വാനവും ആത്മാര്‍ഥവുമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പ്രധാന സ്ഥാനങ്ങളില്‍ നിന്നും മാറ്റില്ലെന്ന് മാര്‍ച്ചില്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.

അതിനുശേഷം അന്‍പതു ദിവസത്തിനുള്ളില്‍ ഏതാണ്ട് 200 ഉന്നത ഉദ്യോഗസ്ഥരെ വിവിധ തസ്തികകളില്‍ നിന്നും മാറ്റിയിട്ടുണ്ട്.

Top