വിരോധാഭാസം! ദളിതര്‍ക്ക് വേണ്ടി ചെറുവിരല്‍ അനക്കാത്ത യോഗിക്ക് ദളിത് മിത്ര പുരസ്‌കാരം

ളിത് പീഡനങ്ങളും ആക്രമണങ്ങളും തുടര്‍ക്കഥയാകുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു വാര്‍ത്ത. ദളിത് പ്രക്ഷോഭങ്ങളില്‍ വീര്‍പ്പുമുട്ടുന്നതിനിടെ സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ദളിത് മിത്ര അവാര്‍ഡ് നല്‍കി ആദരിച്ചിരിക്കുന്നു.

കേള്‍ക്കുമ്പോള്‍ വിരോധാഭാസം എന്ന് തോന്നാം. അംബേദ്കര്‍ ജയന്തിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം യോഗിക്ക് പുരസ്‌കാരം നല്‍കിയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനയായ അംബേദ്കര്‍ മഹാസഭയാണ് പുരസ്‌കാരം നല്‍കിയത്.

അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് യോഗി സംസാരിച്ചതും ദളിതര്‍ക്കുവേണ്ടിത്തന്നെ. ദളിതര്‍ക്ക് ബഹുമാനവും അംഗീകാരവും ലഭിക്കുന്നത് മോദിയുള്ളതുകൊണ്ടാണെന്നാണ് യോഗി പറഞ്ഞത്.

പട്ടികജാതി, പട്ടികവര്‍ഗ്ഗ നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ രാജ്യത്തുടനീളം ദളിത് പ്രക്ഷോഭം നടന്നിരുന്നു. പലയിടത്തും ഇപ്പോഴും പ്രതിഷേധം നിലനില്‍ക്കുന്നുമുണ്ട്. ഉത്തര്‍പ്രദേശിലാണ് പ്രതിഷേധം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഉടലെടുത്തത്.

ദളിതര്‍ നേരിടുന്ന അവഗണനയും അവരുയര്‍ത്തുന്ന പ്രക്ഷോഭങ്ങളും എതിര്‍പ്പുമെല്ലാം അവഗണിച്ചുകൊണ്ട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിഞ്ഞു എന്നതാണ് ഉയരുന്ന ചോദ്യം. പുരസ്‌കാരം നല്‍കിയ അംബേദ്കര്‍ മഹാസഭയും ദളിത് സംഘടനയാണെന്നതാണ് മറ്റൊരു വിരോധാഭാസം. അടുത്തതായി ഈ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കാനാണ് മഹാസഭയുടെ തീരുമാനം.

ദളിതരുയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത സര്‍ക്കാരിന് ദളിത് മിത്ര പുരസ്‌കാരം നല്‍കി ആദരിക്കുമ്പോള്‍ രാജ്യത്തെ ദളിതര്‍ ആശങ്കയിലാണ്.

Top