അക്ബറല്ല ,മഹാറാണാ പ്രതാപാണ് യാഥാര്‍ത്ഥ മഹാനെന്ന് യോഗി ആദിത്യനാഥ്

Yogi-Adityanath

ലക്‌നോ: മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാനായ ഭരണാധികാരിയായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 16ാം നൂറ്റാണ്ടിലെ മേവാര്‍ ഭരണാധികാരിയായിരുന്ന മഹാറാണ പ്രതാപാണ് യഥാര്‍ത്ഥ മഹാന്‍ എന്നും യോഗി പറഞ്ഞു.

അക്ബറിനെ ഒരു രാജാവായിപ്പോലും താന്‍ അംഗീകരിക്കുന്നില്ല. അദ്ദേഹം തുര്‍ക്കിയാണ്. അദ്ദേഹം അത് മാത്രമാണ്, നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ആളാണ് അദ്ദേഹം. ഒരു വിദേശിയെ എങ്ങനെ രാജാവായി അംഗീകരിക്കുമെന്നും യോഗി ആദിത്യനാഥ് ചോദിച്ചു. അക്ബറില്‍നിന്ന് തന്റെ കോട്ട തിരികെപ്പിടിച്ച ധീരനായിരുന്നു റാണാ പ്രതാപെന്നും മുഖ്യമന്ത്രി പറഞ്ഞു.

റാണാ പ്രതാപ് തന്നെ ചക്രവര്‍ത്തിയായി അംഗീകരിക്കണമെന്നതായിരുന്നു അക്ബറിന്റെ ആവശ്യം. തുര്‍ക്കിയായ അക്ബറിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിനാല്‍ അക്ബറിനെ ചക്രവര്‍ത്തിയായി അംഗീകരിക്കാന്‍ റാണാ പ്രതാപ് തയ്യാറായിരുന്നില്ല റാണാ പ്രതാപിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.

മരിച്ച് 500 വര്‍ഷം കഴിഞ്ഞിട്ടുപോലും മഹാറാണ പ്രതാപിന്റെ പ്രതാപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മെവാര്‍ രാജാവിന്റെ ജന്മദിനം ഇപ്പോഴും ആര്‍എസ്എസ് ആഘോഷിക്കുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. മാത്രമല്ല ഈ ആവസരത്തില്‍ മഹാറാണ പ്രതാപിനെക്കുറിച്ചുള്ള പ്രത്യേക മാഗസിന്‍ ആര്‍.എസ്.എസ് പുറത്തിറക്കുന്നുണ്ടെന്നും യോഗി അറിയിച്ചു.

ഇവിടെ ചില ആളുകള്‍ സ്വന്തം താത്പര്യത്തിന് വേണ്ടി സമൂഹത്തേയും രാജ്യത്തേയും അതിന്റെ സംസ്‌ക്കാരത്തേയും നശിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശ് എംഎല്‍എ ആയ സംഗീത് സോം മുഗള്‍ രാജാക്കന്‍മാരുമായി ബന്ധപ്പെട്ട് മുന്‍പ് സമാനമായ പ്രസ്താവന നടത്തിയിരുന്നു. ബാബര്‍, അക്ബര്‍, ഔറംഗസീബ് തുടങ്ങിയ മുഗള്‍ രാജാക്കന്‍മാര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ചരിത്രത്തില്‍നിന്ന് ഇവരുടെ പേരുകള്‍ നീക്കംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Top