യമനില്‍ രഹസ്യ തടവറയെന്ന് റിപ്പോര്‍ട്ട്; ആരോപണം നിഷേധിച്ച് യു എ ഇ

യമന്‍ : ദക്ഷിണ യമനില്‍ രഹസ്യ തടവറകള്‍ യു.എ.ഇ മേല്‍നോട്ടത്തിലുള്ളതാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആഗോള മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ യത്‌നിക്കുന്ന രാജ്യമാണ് തങ്ങളുടേതെന്ന് ജനീവയിലെ യു.എ.ഇ മിഷന്‍ വ്യക്തമാക്കി.

യമന്‍ സര്‍ക്കാരിന് രാജ്യത്തെ ഫെഡറല്‍ ഘടനയിലും നീതിന്യായ, ജയില്‍ സംവിധാനത്തിലും പൂര്‍ണ സ്വാധീനവും നിയന്ത്രണവും ഉണ്ടെന്നിരിക്കെ, യു.എ.ഇ ക്ക് അവിടെ രഹസ്യ തടവുകേന്ദ്രങ്ങള്‍ നടത്തേണ്ട കാര്യമില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റെഡ്‌ക്രോസിന് പിന്തുണ നല്‍കി അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ ഉയര്‍ത്തി പിടിക്കാനുള്ള സഹായം നല്‍കുക മാത്രമാണ് യമനില്‍ യു. എ. ഇയുടെ ദൗത്യമെന്നും മിഷന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സൗദി സഖ്യസേനക്കൊപ്പം ചേര്‍ന്ന് യമനില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള നീക്കത്തിലാണ് യു.എ.ഇ ഏര്‍പ്പെട്ടിരിക്കുന്നത്. ഹുദൈദ പോലുള്ള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ഹൂതികളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചുവെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ യു.എ.ഇ വ്യക്തമാക്കി.

Top