കാരാട്ട് പക്ഷത്തിന് എതിര്‍പ്പില്ല ; യെച്ചൂരി വീണ്ടും ജനറല്‍ സെക്രട്ടറിയായേക്കും

yechu

ഹൈദരാബാദ്: സിപിഎം 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഇന്ന് സമാപനം. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തന്നെ തുടരാനാണ് സാധ്യത. രാഷ്ട്രീയപ്രമേയം അംഗീകരിക്കപ്പെട്ടതോടെ സി.പി.എം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരിക്കുള്ള വെല്ലുവിളികള്‍ നീങ്ങിയിരുന്നു.

യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നതില്‍ കാരാട്ട് പക്ഷത്തിനും എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യച്ചൂരിക്കെതിരെ ചരടുവലികളും നടക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം, ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വീണ്ടും തുടരാന്‍ യെച്ചൂരി താല്‍പര്യപ്പെടുന്നില്ലെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാരെ സിസിയില്‍ ഉള്‍പ്പെടുത്തണമെന്നും നിലവിലുള്ളവരെ ഒഴിവാക്കണമെന്നും യെച്ചൂരി പക്ഷം താല്‍പര്യപ്പെടുന്നുണ്ട്. പക്ഷേ കാരാട്ട് പക്ഷം ഇതിനോട് യോജിപ്പ് അറിയിച്ചിട്ടില്ല. നിലവിലുളള സിസിയിലും പിബിയിലും കാരാട്ട് പക്ഷത്തിനാണ് ഭൂരിപക്ഷം.

ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിക്ക് സ്വീകരിക്കാമെന്ന നിര്‍ണായക തീരുമാനം ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു.കോണ്‍ഗ്രസ് സഹകരണത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെങ്കിലും കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും മേല്‍ക്കൈ നേടാനുള്ള തന്ത്രങ്ങളിലാണ് കാരാട്ട് പക്ഷവും കേരളഘടകവും.

എസ് രാമചന്ദ്രന്‍ പിള്ളയും എ കെ പത്മനാഭനും പി ബി യില്‍ നിന്ന് ഒഴിഞ്ഞേക്കും. 80 വയസ്സ് പിന്നിട്ടതും അനാരോഗ്യവും മൂലം പി.കെ.ഗുരുദാസന്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്നൊഴിവാകും. അനാരോഗ്യമുള്ള വൈക്കം വിശ്വനും ഒഴിയാനാണ് സാധ്യത.

എം.വി. ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പകരക്കാരായി വന്നേക്കും. കെ.രാധാകൃഷ്ണനെ ഉള്‍പ്പെടുത്തി ദളിത് പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. പി.കെ.ബിജുവിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു. വനിതാപ്രാതിനിധ്യത്തിന് മുന്‍ഗണന നല്‍കിയാല്‍ പി.സതീദേവി, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ പരിഗണിക്കപ്പെട്ടേക്കും.

നിലവില്‍ 91 അംഗ കേന്ദ്രകമ്മിറ്റിയാണുള്ളത്. ഇതില്‍ മഹിളാ അസോസിയേഷന്‍ നേതാവ് ജഗ്മതി സാംഗ്വാന്‍ ബംഗാളിലെ കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ പേരില്‍ നേതൃത്വവുമായി ഉടക്കി രാജിവെച്ചിരുന്നു. മറ്റൊരു കേന്ദ്രകമ്മിറ്റിയംഗം ഖഗന്‍ദാസ് ഇടക്കാലത്ത് മരിച്ചു.

പുതുതായി പി.ബി.യിലേക്ക് കിസാന്‍സഭ അഖിലേന്ത്യാ അധ്യക്ഷന്‍ അശോക് ധാവ്ള ത്രിപുരയിലെ എം.പി. ജിതേന്ദര്‍ ചൗധരി എന്നിവര്‍ വന്നേക്കും. ബംഗാളില്‍നിന്നുള്ള നേതാവ് നീലോല്‍പല്‍ ബസു നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റംഗമാണ്. അദ്ദേഹവും പി.ബി. സാധ്യതാപട്ടികയിലുണ്ട്. കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാക്കളായ കിസാന്‍സഭാനേതാവ് വിജു കൃഷ്ണന്‍, ആര്‍.അരുണ്‍കുമാര്‍ എന്നിവരെ സ്ഥിരപ്പെടുത്താനാണ് സാധ്യത.

Top