Yahoo discloses hack of 1 billion accounts

കാലിഫോര്‍ണിയ:യാഹൂവിന്റെ നൂറ് കോടി മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുന്‍പ് നടന്നതായി കരുതപ്പെടുന്ന ഹാക്കിംഗിന്റെ വിവരം ഇപ്പോള്‍ മാത്രമാണ് കമ്പനി തിരിച്ചറിയുന്നതും പുറത്തു വിടുന്നതും.

ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിംഗ് ആക്രമണമാണ് യാഹൂവിലുണ്ടായിരിക്കുന്നതെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്. നേരത്തെ 2014 സെപ്തംബറിലും യാഹൂ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തിരുന്നു. 50 കോടി ആളുകളുടെ വിവരങ്ങളാണ് അന്ന് ഹാക്കര്‍മാര്‍ ശേഖരിച്ചത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് 2013 ആഗസ്റ്റില്‍ നടന്ന ഹാക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

ആളുകളുടെ പേരുകള്‍, ഫോണ്‍നമ്പറുകള്‍, പാസ് വേര്‍ഡുകള്‍, ഇമെയില്‍ വിവരങ്ങള്‍, സുരക്ഷാ ചോദ്യങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി യാഹൂ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ ബാങ്ക്, പേയ്‌മെന്റ് വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നാണ് കമ്പനി പറയുന്നത്.

ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട സ്ഥിതിക്ക് എല്ലാ ഉപഭോക്താക്കളും തങ്ങളുടെ പാസ്‌വേര്‍ഡും സുരക്ഷാ ചോദ്യങ്ങളും മാറ്റണമെന്ന് യാഹൂ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ 2014ല്‍ നടന്ന ഹാക്കിംഗ് ആക്രമണം അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ഹാക്കര്‍മാര്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രമാണെന്നും യാഹൂ ആരോപിച്ചിരുന്നു.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യാഹുവിന് നൂറ് കോടിയിലേറെ സ്ഥിരം ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. പ്രതാപകാലത്ത് ലോകമെമ്പാടും ആക്ടീവ് യൂസേഴ്‌സ് ഉണ്ടായിരുന്ന കമ്പനിക്ക് പക്ഷേ പുതിയ തലമുറയെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിട്ടില്ല.

ഗൂഗിള്‍ അടക്കമുളള എതിരാളികള്‍ വൈവിധ്യമാര്‍ന്ന സേവനങ്ങളിലൂടെ ബഹുദൂരം മുന്നേറിയപ്പോഴും കാലത്തിനനുസരിച്ച് മാറാന്‍ യാഹൂവിന് പറ്റിയില്ല. അമേരിക്കന്‍ മാധ്യമഭീമനായ വെറിസോണ്‍ യാഹൂവിനെ ഏറ്റെടുക്കാന്‍ നേരത്തെ ധാരണയായിരുന്നു.

എന്നാല്‍ തുടര്‍ച്ചയായി ഹാക്കിംഗ് ആക്രമണം നേരിടുകയും കോടിക്കണക്കിന് ഉപയോക്താക്കാളുടെ വിവരങ്ങള്‍ നിരന്തരം ചോര്‍ത്തപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ യാഹൂവിനെ ഏറ്റെടുക്കാനുള്ള തീരുമാനം വെറിസോണ്‍ പുനപരിശോധിച്ചേക്കുമെന്നും സൂചനയുണ്ട്.

Top