OLED ഡിസ്‌പ്ലേ അടക്കമുള്ള ഷവോമിയുടെ Hey+ സ്മാര്‍ട്ബാന്‍ഡ് അവതരിപ്പിച്ചു

വോമിയുടെ ഏറ്റവും പുതിയ ഫിറ്റ്‌നസ് ബാന്‍ഡ് Hey+ ബാന്‍ഡ് പുറത്തിറങ്ങി. ഇപ്പോള്‍ ചൈനീസ് വിപണിയിലാണ് കമ്പനി Hey+ പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം 2300 രൂപ ആണ് വില. ഓഗസ്റ്റ് 20 മുതല്‍ ഇത് ഷവോമി യുപിന്‍ (YouPin) വെബ്‌സൈറ്റില്‍ നിന്ന് വാങ്ങാന്‍ കഴിയും.

0.95 ഇഞ്ച് കളര്‍ OLED ഡിസ്‌പ്ലേയാണ് Hey+ല്‍ ഉള്ളത്. ഷവോമി മി ബാന്‍ഡ് 3യില്‍ ഉപയോഗിച്ചിരിക്കുന്നത് മോണോക്രോം ഡിസ്‌പ്ലേയാണ്. സിംഗിള്‍ നാവിഗേഷന്‍ ബട്ടണും ടച്ച് ഇന്‍പുട്ട് ശേഷിയുമായിരുന്നു മി ബാന്‍ഡ് 3യുടെ മറ്റ് പ്രത്യേകതകള്‍. 240X120 പിക്‌സലാണ് സ്‌ക്രീനിന്റെ റെസല്യൂഷന്‍. NFC കണക്ടിവിറ്റി ഉള്ളതിനാല്‍ ചൈനയില്‍ ഇതുപയോഗിച്ച് മി പേയ്‌മെന്റ് നടത്താന്‍ കഴിയും.

നടന്ന ദൂരം, ബാറ്ററി ചാര്‍ജിന്റെ ശതമാനം, സമയം എന്നിവ ഇത് കാണിക്കും. സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ചാല്‍ കോള്‍, എസ്എംഎസ് വിവരങ്ങളും അറിയാനാകും. സ്ട്രാപ്പ് ഉള്‍പ്പെടെ 19.7 ഗ്രാമാണ് ഭാരം. 120 mAh LiIon ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്താല്‍ എട്ട് ദിവസം വരെ നില്‍ക്കും. വെറും രണ്ട് മണിക്കൂര്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് നൂറ് ശതമാനം ചാര്‍ജ് ചെയ്യാനും കഴിയും.

ബ്ലൂടൂത്ത് 4.2 LE കണക്ടിവിറ്റി ഉപയോഗിച്ച് ഷവോമി MiFit ആപ്പിന്റെ സഹായത്തോടെ Hey+ ബാന്‍ഡ് ആന്‍ഡ്രോയ്ഡ് അല്ലെങ്കില്‍ iOS സ്മാര്‍ട്ട്‌ഫോണുമായി പെയര്‍ ചെയ്യാനാകും. ഇതുവഴി വ്യായാമത്തെയും ഉറക്കത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണില്‍ അറിയാന്‍ സാധിക്കും.

ഷവോമി Hey+ ബാന്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഷവോമി ഹോം ഓട്ടോമേഷന്‍ സംവിധാനവുമായി ബന്ധിപ്പിക്കാമെന്നതാണ്. ഹോം ഓട്ടോമേഷന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ നിയന്ത്രിക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്.

Top