ചൈനയിലെ 23 ലക്ഷത്തിലധികം വരുന്ന സൈനികരോട് യുദ്ധസജ്ജരായിരിക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ്

ബെയ്ജിങ് : ചൈനയിലെ 23 ലക്ഷത്തിലധികം വരുന്ന സൈനികരോട് യുദ്ധസജ്ജരായിരിക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ്.

ചൈന പ്രസിഡന്റ് പദവിയില്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഷി ജിന്‍പിങിന്റെ ആഹ്വാനം.

സൈനിക മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാണ് ജിന്‍പിങ് രണ്ടാം തവണ പ്രസിഡന്റ് പദം ഏറ്റെടുത്തത്.

ചൈനയുടെ കേന്ദ്ര സൈനിക കമ്മീഷന്റെ (സിഎംസി) മേധാവി കൂടിയാണ് അദ്ദേഹം. സേനയ്ക്കു പുറത്തുനിന്ന് സൈന്യത്തെ നീയന്ത്രിക്കുന്ന ഏക വ്യക്തിയും പ്രസിഡന്റാണ്.

ഷി ജിന്‍പിങിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴ് സൈനികരെ ഉള്‍പ്പെടുത്തി സിഎംസി പുനഃസംഘടിപ്പിച്ചിട്ടുണ്ട്. മുമ്പ് 11 അംഗങ്ങളാണ് കമ്മീഷനില്‍ ഉണ്ടായിരുന്നത്.

സൈന്യം പാര്‍ട്ടിയോട് പൂര്‍ണ വിധേയത്വം പാലിക്കണമെന്നും യുദ്ധങ്ങളില്‍ ജയിക്കാനാവശ്യമായ നവീകരണവും പുരോഗതിയും സൈന്യം കൈവരിക്കുന്നതിനൊപ്പം ശാസ്ത്രീയമായ കമാന്‍ഡിങ് സംവിധാവനും നടപ്പാക്കണമെന്നും സൈനിക യോഗത്തില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഇതിന് പുറമെ സൈനികരുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുള്ള പരിശീലനവും വ്യായാമവും നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, വ്യാഴാഴ്ച വൈകുന്നേരം നടന്ന സൈനിക യോഗത്തില്‍ നിന്ന് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിട്ട് നിന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഷിയുടെ ഒന്നാം ഘട്ടത്തില്‍ സിഎംസി അംഗങ്ങളായിരുന്ന ജനറല്‍ ഫാങ് ഫെങ്ഗൂയി, ജനറല്‍ സാങ് യാങ് എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിട്ടവരാണ് ഇവര്‍.

Top