ലോകകപ്പില്‍ ജയിച്ചത് ഫ്രാന്‍സ് ; പക്ഷെ കിരണ്‍ ബേദിയുടെ അഭിനന്ദനം പുതുച്ചേരിക്ക്

പുതുച്ചേരി : ഫുട്‌ബോള്‍ ആരാധകരുടെ നാടാണ് ഇന്ത്യ. ഇന്ത്യന്‍ ടീം ലോകകപ്പില്‍ കളിച്ചില്ലെങ്കില്‍ കൂടി ലോകകപ്പ് കാണാത്ത ഇന്ത്യാക്കാര്‍ വളരെ ചുരുക്കം മാത്രം. ഓരോരുത്തര്‍ക്കും തങ്ങളുടെ ഇഷ്ട ടീമും ഇഷ്ട കളിക്കാരനും ഉണ്ടാവും. അവര്‍ വിജയിച്ചാലും തോറ്റാലും അതിന്റെ സന്തോഷവും സങ്കടവും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വയ്ക്കാനും ആരാധകര്‍ മറക്കാറില്ല. എന്നാല്‍, അത്തരത്തില്‍ ലോകകപ്പ് കിരീടം നേടിയ ഫ്രാന്‍സിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത പുതുച്ചേരിയുടെ ലെഫ്. ഗവര്‍ണര്‍ കിരണ ബേദി ആകെ കുരുക്കിലായ അവസ്ഥയിലാണിപ്പോള്‍.

ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ച് ഫ്രാന്‍സ് 2018 ഫിഫ ലോകകപ്പ് ഉയര്‍ത്തിയതിന് പുതുച്ചേരിക്കാരെയാണ് ബേദി അഭിനന്ദിച്ചിരിക്കുന്നത്. നാം പുതുച്ചേരിക്കാര്‍ (പഴയ ഫ്രഞ്ച് അധീന പ്രദേശം) ലോകക്കപ്പ് നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ. ഫ്രഞ്ച് ടീം എത്രമാത്രം വ്യത്യസ്തമാണ്. സ്‌പോര്‍ട്‌സ് എല്ലാവരേയും ഒന്നിപ്പിക്കുന്നു” എന്നായിരുന്നു ബേദിയുടെ ട്വീറ്റ്.

ബേദിയുടെ ട്വീറ്റ് ഇഷ്ടപ്പെടാത്ത കുറേയധികം ആരാധകര്‍ ഇതിനെതിരെ ട്രോളുകളുമായി രംഗത്തു വന്നിരിക്കുകയാണ്. കിരണ്‍ ബേദിയുടെ ട്വീറ്റ് പിന്‍വലിക്കാനും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ചിലര്‍ ബേദിയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. ആഘോഷിക്കാന്‍ എപ്പോഴും എന്തെങ്കിലും കാരണം കണ്ടെത്തുന്നവരാണ് ഇന്ത്യക്കാരെന്നും അത്രമാത്രമേ ലെഫ്. ഗവര്‍ണറും ഉദ്ദേശിച്ചിട്ടുള്ളൂവെന്നുമാണ് പിന്തുണക്കുന്നവരുടെ മറുപടി.

നാം ഫ്രഞ്ച് കോളനിയായിരുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കുന്നു. ഡല്‍ഹിയിലിരിക്കുന്ന ഞങ്ങള്‍ വിഡ്ഢികള്‍ നിങ്ങളെ മുഖ്യമന്ത്രിയായി സ്വപ്നം കാണുന്നു. ഞങ്ങള്‍ കരുതിയത് നിങ്ങള്‍ ഇന്ത്യന്‍ പ്രദേശത്തെ ഗവര്‍ണറാണെന്നായിരുന്നു. സാരമില്ല, മറന്നു കള.. എന്നായിരുന്നു ഒരാളുടെ മറുപടി.

മുഴവന്‍ ഇന്ത്യക്കാരും ദുഃഖത്തിലാണ് എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. കാരണം ബ്രിട്ടന് ലോകക്കപ്പില്‍ നാലാം സ്ഥാനം മാത്രമാണ് ലഭിച്ചത് (ഇന്ത്യ മുമ്പ് ബ്രിട്ടീഷ് അധീനതയിലായിരുന്നു) എന്നും അദ്ദേഹം വിശദീകരിക്കുന്നു.

Top