വ്യോമ ഗതാഗത നിയന്ത്രണത്തിന് സ്ത്രീകള്‍ ; പുതിയ തീരുമാനവുമായി സൗദി

റിയാദ്: വ്യോമ ഗതാഗത നിയന്ത്രകരായി സ്ത്രീകളെ എടുക്കാന്‍ ഒരുങ്ങി സൗദി അറേബ്യ.

ഇതിനായി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനുള്ള തയാറെടുപ്പിലാണ് രാജ്യം.

യാഥാസ്ഥിതിക മുസ്ലീം രാജ്യമായ സൗദി അറേബ്യ പുതിയ നവീകരണ പദ്ധതികളുടെ ഭാഗമായി സ്ത്രീകളുടെ തൊഴില്‍ മേഖല ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

എണ്ണ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നതിനായി തയാറാക്കിയ വിഷന്‍-2030 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് തൊഴിലുകള്‍ ശക്തിപ്പെടുത്താനും വരുമാനത്തില്‍ വൈവിധ്യം കൊണ്ടുവരുന്നതിനുമാണ്.

എണ്ണ വിലയില്‍ ഇടിവുണ്ടായത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പുതിയ പദ്ധതിയിലൂടെ നിരവധി മാറ്റങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

മൊത്തം തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 23 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കൂട്ടണമെന്നും സീനിയര്‍ സിവില്‍ സര്‍വീസ് പദവിയിലേക്ക് മുന്നേറാന്‍ അഞ്ച് ശതമാനം സ്ത്രീകള്‍ക്ക് അനുമതി നല്‍കണമെന്നുമുള്ള മികച്ച മാറ്റങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരമ്പരാഗതമായി പുരുഷന്‍മാര്‍ അടക്കിവാഴുന്ന തൊഴില്‍ രംഗത്തേക്കുള്ള സ്ത്രീകളുടെ മുന്നേറ്റം സമൂഹത്തിന്റെ മുഖഛായതന്നെ മാറ്റി മറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ കൂടുതല്‍ സ്ത്രീകളും ജോലി ചെയ്യുന്നത് പൊതു മേഖലകളിലാണ് പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍. വിഷന്‍ 2030 ന്റെ ഭാഗമായി കൂടുതല്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ സൗദി അധികൃതര്‍ പ്രോത്സാഹിപ്പിക്കും.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഓരേയൊരു രാജ്യമാണ് സൗദി. ചില പ്രൊഫഷനുകള്‍ തെരഞ്ഞെടുക്കുന്നതിലും സൗദിയിലെ സ്ത്രീകള്‍ വിലക്ക് നേരിടുന്നുണ്ട്.

കിരീടാവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാന്‍ അധികാര സ്ഥാനത്തേക്ക് വന്നതോടെ ഇതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

Top