വണ്‍ . . ടു . . ത്രീ . . സ്ത്രീപീഢന കേസുകളില്‍ മുഖം നോക്കാതെ പിണറായി, ഇത് ചരിത്രം !

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കര്‍ശന നടപടി സ്വീകരിച്ചത് സ്ത്രീപീഡന കേസുകളില്‍.

ഇടതുപക്ഷ സര്‍ക്കാര്‍ സ്ത്രീപക്ഷ സര്‍ക്കാര്‍ ആണെന്ന് തെളിയിക്കുന്നതാണ് സര്‍ക്കാറിന്റെ കഴിഞ്ഞകാലത്തെ നടപടികള്‍.

കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതില്‍ തുടങ്ങി ഇപ്പോള്‍ എം.എല്‍.എയായ വിന്‍സന്റിനില്‍ ചെന്ന് നില്‍ക്കുകയാണ് പൊലീസ് നടപടി.

സ്ത്രീപീഡന കേസുകളില്‍ സ്ത്രീയുടെ പരാതി ഒന്നു മാത്രം മതി ആരോപണ വിധേയര്‍ ജയിലിലാകാന്‍.

കുറ്റം കോടതിയില്‍ തെളിയുന്നതുവരെ കുറ്റാരോപിതരായിരിക്കും പ്രതികള്‍ എന്നിരുന്നാലും പൊതു സമൂഹം ഇത്തരക്കാരെ അറസ്റ്റോടെ കുറ്റക്കാരായി വിധിയെഴുതുന്നത് സ്വാഭാവികമാണ്.

ജിഷ കേസില്‍ അറസ്റ്റിലായ അമിറുള്‍ ഇസ്ലാമിനെ മാറ്റി നിര്‍ത്തിയാല്‍ നടി ആക്രമിക്കപ്പെട്ട കേസിലും വീട്ടമ്മയെ പീഡിപ്പിച്ച കേസിലും അറസ്റ്റിലായ ദിലീപ്, വിന്‍സന്റ് എം.എല്‍.എ എന്നിവര്‍ക്കു വേണ്ടി ശക്തമായി ഒരു വിഭാഗം ഇപ്പോള്‍ രംഗത്തുണ്ട്.

ദിലീപിനു വേണ്ടി അദ്ദേഹത്തിന്റെ ആരാധകരാണ് കുടുതലായി രംഗത്തുള്ളത്. ഒരിക്കലും ഇത്തരമൊരു ഹീനകൃത്യത്തിന് നടന്‍ കൂട്ടുനില്‍ക്കില്ലെന്നതാണ് ഈ വിഭാഗത്തിന്റെ വാദം.

നടി പോലും ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താത്തതും ക്രിമിനല്‍ പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നതുമാണ് ഇവരുടെ നിലപാട്.

സോഷ്യല്‍ മീഡിയകളിലും ദിലീപിന് അനുകൂലമായ തരംഗമാണ് ഉയര്‍ന്നിരുന്നത്. ഇത് പ്രോസിക്യൂഷന്‍ ദിലീപ് ജാമ്യത്തില്‍ പോവാതിരിക്കാന്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.

ഇപ്പോള്‍ ഹൈക്കോടതി കൂടി ജാമ്യാപേക്ഷ തളളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ദിലീപിന്റെ അഭിഭാഷകര്‍.

വീട്ടമ്മയെ പീഢിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ വിന്‍സന്റിനും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജാമ്യം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊബൈലിലേക്ക് പോയ കോളാണ് ദിലീപിന് കുരുക്കായതെങ്കില്‍ ഇവിടെ എം.എല്‍.എ വിന്‍സന്റ് നേരിട്ട് വീട്ടമ്മയെ വിളിച്ചത് തന്നെയാണ് അദ്ദേഹത്തിന് കുരുക്കായിരിക്കുന്നത്.

വീട്ടമ്മ ആത്മഹത്യക്ക് കൂടി ശ്രമിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പരാതിയില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജിഷ കേസ് മാറ്റി നിര്‍ത്തിയാല്‍ മറ്റ് രണ്ട് സംഭവങ്ങളിലും നടന്ന പ്രമുഖരുടെ അറസ്റ്റൊന്നും കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിന് സ്വപ്നത്തില്‍ പോലും ആലോചിക്കാന്‍ പോലും പറ്റുന്നതായിരുന്നില്ല.

സോളാര്‍ കേസിലെ ‘നായിക’ സരിത എസ് നായര്‍ പിണറായിയുടെ കാലത്താണ് പരാതി നല്‍കിയിരുന്നതെങ്കില്‍ എന്താണ് സംഭവിക്കുക എന്നോര്‍ത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍ തന്നെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്.

ദിലീപിനെ അറസ്റ്റ് ചെയ്തതിലൂടെ കേരളീയ സമൂഹത്തിന് വ്യക്തമായ സന്ദേശമാണ് പിണറായി സര്‍ക്കാര്‍ നല്‍കിയത്.

എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി സ്വീകരിച്ചിരിക്കും എന്നതാണത്.

ദിലീപിന്റെ അറസ്റ്റിനെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ പക്ഷേ തങ്ങളുടെ എം എല്‍ എക്ക് നേരെ പിണറായി പൊലീസ് തിരിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

മുന്‍കാലങ്ങളിലെ പോലെ ചില ‘വിട്ടുവീഴ്ചകള്‍’ ഉന്നത നേതാക്കളുടെ കാര്യത്തില്‍ ഉണ്ടാവുമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്.

കെ. മുരളീധരന്‍ എംഎല്‍എയുടെ വാക്കുകളില്‍ ഇത് പിന്നീട് പ്രകടവുമായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ പിണറായി പൊലീസിനെ പേടിച്ച് പ്രമുഖരടക്കം പലര്‍ക്കും ഇപ്പോള്‍ തന്നെ ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇനി സമാനമായ പരാതി ഏത് ഉന്നതന് നേരെ ലഭിച്ചാലും നടപടി ഉണ്ടാകുമെന്നതാണ് ‘ഉന്നതരെ’ ഭീതിയിലാഴ്ത്തുന്നത്.

പൊലീസിന് നല്‍കിയ ഇപ്പോഴത്തെ സ്വാതന്ത്ര്യം മുന്‍പ് ഒരു കാലഘട്ടത്തിലും ഒരു ഭരണാധികാരിയും നല്‍കാത്തതാണ്.

അതുതന്നെയാണ് ഇപ്പോള്‍ പിണറായിയെ വ്യത്യസ്തനാക്കുന്നതും.

തെളിവുണ്ടെങ്കില്‍ ഏത് കേസിലും ഏത് ഉന്നതനെയും പിടിക്കാമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രിയുടെ നടപടി പലര്‍ക്കും രസിച്ചിട്ടില്ലെങ്കിലും മികച്ച പ്രതിച്ഛായയിലേക്ക് ഇപ്പോള്‍ പിണറായിയെ ഉയര്‍ത്തിയിരിക്കുന്നത് ഈ നിലപാട് തന്നെയാണ്.

പൊലീസ് സേനക്കാകട്ടെ ഭരണപക്ഷത്ത് നിന്നും ഒരു തരത്തിലുള്ള ഇടപെടലും സമ്മര്‍ദ്ദവും ഇല്ലാത്തത് പുതിയ അനുഭവവുമാണ്. ഇതുതന്നെയാണ് ശക്തമായ നടപടികള്‍ക്ക് കാക്കിയുടെ വേഗത കൂടാനും കാരണമായത്.

കുറ്റക്കാരെ പിടികൂടാന്‍ സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം തന്നെ ഒരു നിരപരാധിയെ പോലും തുറങ്കിലടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശവും മുഖ്യമന്ത്രി പൊലീസിന് നല്‍കിയിട്ടുണ്ട്.

Top