രാജ്യത്ത് എല്ലാ പഞ്ചായത്തുകളിലും വൈഫൈ ; ടെന്‍ഡര്‍ വിളിക്കാനൊരുങ്ങി ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ സേവനം ലഭ്യമാക്കുന്ന പദ്ധതിയ്ക്കായി ടെന്‍ഡര്‍ വിളിക്കാനൊരുങ്ങി ടെലികോം മന്ത്രാലയം.

2019-ഓടെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ എത്തിക്കുന്ന പദ്ധതിയുടെ ചിലവ് 3,700 കോടി രൂപയാണ്.

പദ്ധതിയ്ക്കായി ഒരാഴ്ചയ്ക്കുള്ളില്‍ ടെലികോം മന്ത്രാലയം ടെന്‍ഡര്‍ വിളിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ സെക്കന്‍ഡില്‍ ഒരു ജിബിപിഎസ് വേഗതയുള്ള വൈഫൈ ലഭ്യമാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

‘ടെന്‍ഡറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ ആഴ്ചയോടെ തീരുമാനമാവും. ഉടന്‍ തന്നെ അത് പരസ്യപ്പെടുത്തുകയും ചെയ്യും.

ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ സേവനം ലഭ്യമാക്കാനും ബാക്കിയുള്ളത് 2019നുള്ളില്‍ പൂര്‍ത്തിയാക്കാനുമാണ് പദ്ധതി.’ ഒരു ടെലികോം വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ടെലികോം നയത്തിന്റെ അടിസ്ഥാനത്തില്‍ 2022 ഓടെ 40,000 ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും 70 കോടിയോളം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

Top