whole world want Messi to reconsider decision to quit

messi

ബ്യൂണോ എയ്‌റെസ്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി തീരുമാനം പുനഃപരിശോധിക്കാന്‍ സാധ്യത.

കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതോടെ മെസ്സി പ്രഖ്യാപിച്ച വിരമിക്കല്‍ തീരുമാനം ലോക കായിക പ്രേമികളെ ഞെട്ടിച്ചിരുന്നു.

ചിലി കിരീടം നേടിയ വാര്‍ത്തയല്ല മറിച്ച് മെസ്സിയുടെ വിടവാങ്ങലാണ് ലോകത്തെ പ്രധാന വാര്‍ത്തയായി പടര്‍ന്നത്. വിവിധ രാജ്യങ്ങളിലെ മെസ്സി ആരാധകരായ ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ദുഃഖം പങ്ക് വച്ചത്. ഒരു താരത്തിന് ലഭിക്കുന്ന അത്യപൂര്‍വ്വ പിന്‍തുണയായിരുന്നു അത്. ഒരുപക്ഷേ ഇന്ന് മെസ്സിക്ക് മാത്രം സാധ്യമായത്.

കപ്പ് നേടിയതില്‍ ആഹ്ലാദ നൃത്തം ചവിട്ടിയ ചിലിയുടെ താരങ്ങളെപ്പോലും അമ്പരപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു മെസ്സിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറുടെ വിടവാങ്ങലിന് കാരണക്കാരായല്ലോ എന്ന കുറ്റബോധത്തിലാണ് ബാഴ്‌സയിലെ മെസ്സിയുടെ സഹകളിക്കാരന്‍ കൂടിയായ ചിലി ക്യാപ്റ്റന്‍ ബ്രാവോയും സംഘവും.

2014-ല്‍ ബ്രസീലില്‍ നടന്ന ലോക കപ്പ് ഫൈനലില്‍ ജര്‍മ്മനിയോടും 2015-ല്‍ ചിലിയില്‍ നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടും തോറ്റ അര്‍ജന്റീന ടീം ഇത്തവണയും ചരിത്രം ആവര്‍ത്തിച്ചാല്‍ അര്‍ജന്റീനയിലേക്ക് വരേണ്ടതില്ലെന്ന് മാറഡോണ തന്നെ മത്സരത്തിന് മുമ്പ് തുറന്നടിച്ചിരുന്നു.

കഴിഞ്ഞ ഈ മൂന്ന് മത്സരങ്ങളിലും അര്‍ജന്റീന നായകനായ മെസ്സിയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് തന്റെ ഗുരുവായ മാറഡോണയുടെ ഈ വാക്കുകള്‍ ഉണ്ടാക്കിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ താന്‍ പാഴാക്കിയ ഗോളാണ് അര്‍ജന്റീനയുടെ പരാജയത്തിനിടയാക്കിയതെന്ന് തിരിച്ചറിഞ്ഞ് സ്വന്തം രാജ്യത്ത് നിന്ന് ഉയര്‍ന്ന് വരാനിടയുള്ള പ്രതിഷേധം കൂടി മുന്നില്‍ കണ്ടാണ് ഒറ്റയടിക്ക് സര്‍വ്വരേയും ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനം മെസ്സി നടത്തിയത്.

തീരുമാനം പുറത്തായതോടെ മെസ്സിക്ക് പിന്‍തുണ പ്രഖ്യാപിച്ച് സഹകളിക്കാരായ യാവിയര്‍ മഷ്‌രാനോയും, സെര്‍ജിയോ അഗ്യൂറോയും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ചു.

ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള അര്‍ജന്റീനിയന്‍ കളിക്കാരില്‍ നിന്നുണ്ടായ ഈ തീരുമാനം അര്‍ജന്റീനിയന്‍ ഭരണകൂടത്തെയും ഫിഫയെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ക്ലബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിട്ടില്ലെങ്കിലും തങ്ങള്‍ വാര്‍ത്തെടുത്ത ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ തീരുമാനത്തില്‍ ബാഴ്‌സലോണ അധികൃതരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. മെസ്സിയെ തീരുമാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ കഠിനമായ പ്രയത്‌നമാണ് ഇവരെല്ലാം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ലോകത്തെ പ്രമുഖ താരങ്ങളെല്ലാം മെസ്സിയുമായി ബന്ധപ്പെട്ട് തീരുമാനം പുനഃപരിശോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്നതായാണ് റിപ്പോര്‍ട്ട്.

2018-ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിന്റെ പകിട്ടിനെ തന്നെ മെസ്സിയുടെ പിന്മാറ്റം വഴി ഒരുക്കുമെന്ന ഭീതിയിലാണ് ഫിഫ അധികൃതര്‍.

സമ്മര്‍ദ്ദം കുറക്കാന്‍ മെസ്സിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശം അര്‍ജന്റീനന്‍ ഭരണകൂടം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് നല്‍കിയതായാണ് പുറത്ത് വരുന്ന വിവരം. മത്സരത്തിന് തൊട്ടു മുന്‍പത്തെ ദിവസം ന്യൂജഴ്‌സിയിലേക്കുള്ള വിമാനം വൈകിയത് സംബന്ധിച്ച് മെസ്സി അര്‍ജന്റീനാ ഫുട്‌ബോള്‍ ഫെഡറേഷനെ വിമര്‍ശിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഫുട്‌ബോള്‍ ഫെഡറേഷനിലെ പലരും തെറിക്കുമെന്നാണ് സൂചന.

മെസ്സിയും മുന്‍നിരയിലെ മറ്റ് താരങ്ങളുമില്ലാതെ ലോകകപ്പിന് ഒരുങ്ങിയാല്‍ യോഗ്യതാ മത്സരത്തില്‍ തന്നെ ടീം പുറത്താകുമെന്നാണ് അര്‍ജന്റീനന്‍ അധികൃതരുടെ വിലയിരുത്തല്‍. അടുത്ത ലോകകപ്പിന് വേദിയാവുന്ന റഷ്യന്‍ അധികൃതരടക്കം നിരവധി രാജ്യങ്ങള്‍ മെസ്സിയെ തീരുമാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിവരികയാണ്.

ബാഴ്‌സലോണയുമായുള്ള മെസ്സിയുടെ വൈകാരിക ബന്ധമുപയോഗിച്ചാണ് ഇപ്പോള്‍ പ്രധാനമായും അനുനയ ശ്രമം നടക്കുന്നത്. കടുത്ത സമ്മര്‍ദ്ദത്തിന്റെ ഭാഗമായി മെസ്സി തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണ് ഒടുവില്‍ പുറത്തുവരുന്നത്.

സര്‍വ്വരുടെയും രോഷപ്രകടനം മാറഡോണയ്ക്ക് നേരെ തിരിഞ്ഞതോടെ മനസ്സുമടുക്കരുതെന്നും മെസ്സി തുടരണമെന്നും ആവശ്യപ്പെട്ട് അദ്ദേഹവും ഇപ്പോള്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. മാറഡോണ മെസ്സിയുമായി സംസാരിക്കുമെന്നാണ് സൂചന.

Top