ലൊക്കേഷന്‍ പങ്കുവെക്കാന്‍ ‘ലൈവ് ലൊക്കേഷന്‍’ സംവിധാനവുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: തത്സമയം ലൊക്കേഷന്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന ‘ലൈവ് ലൊക്കേഷന്‍’ സംവിധാനവുമായി വാട്‌സ്ആപ്പ്.

ഈ ഫീച്ചര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പിലെ സുഹൃത്തുമായോ അല്ലെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ തത്സമയം പങ്കുവെക്കാന്‍ സാധിക്കും.

നിലവില്‍ വാട്‌സ്ആപ്പിലുള്ള ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചര്‍ വഴി സന്ദേശം അയക്കുമ്പോള്‍ നമ്മള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ മറ്റുള്ളവര്‍ക്ക് അറിയുവാന്‍ സാധിക്കുമെങ്കിലും, ഇതില്‍ നിന്നും വ്യത്യസ്തമാണ് ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍.

ഇത് വഴി മറ്റുള്ളവരുമായി നമ്മുടെ ലൊക്കേഷന്‍ പങ്കുവെക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ ലൊക്കേഷന്‍ യഥാസമയം പിന്‍തുടരാനും കഴിയും.

ഇന്ത്യയില്‍ മാത്രം കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ വഴി നമ്മുടെ സഞ്ചാര വഴി തത്സമയം അറിയാന്‍ സാധിക്കുന്നതിലൂടെ ഈ ഫീച്ചര്‍ സ്ത്രീ സുരക്ഷയ്ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

മറ്റ് സന്ദേശങ്ങളെ പോലെ തന്നെ എന്‍ക്രിപ്റ്റഡ് ആയാണ് ലൊക്കേഷനും വാട്‌സ്ആപ്പില്‍ പങ്കുവെക്കപ്പെടുക.

നമ്മള്‍ തീരുമാനിക്കുന്ന ആളുകളുമായി മാത്രമേ ലൊക്കേഷന്‍ പങ്കുവെക്കാന്‍ സാധിക്കൂ. ആവശ്യമുള്ളപ്പോള്‍ നമുക്ക് ലൊക്കേഷന്‍ ഷെയറിങ് നിര്‍ത്താനും സാധിക്കും.

Top