whatsapp to stop working on nokia symbian devices from december

ജനപ്രിയ ക്രോസ് മെസേജിംഗ് സര്‍വീസായ വാട്‌സാപ്പ് സിംബിയന്‍ നോക്കിയാ എസ്40, ബ്ലാക്ക്‌ബെറി ഫോണുകളിലെ സേവനം അവസാനിപ്പിക്കുന്നു.

വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഇനി വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. ഈ വര്‍ഷം അവസാനത്തോടെ ഈ ഫോണുകളിലെ സേവനം പൂര്‍ണമായും അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ ഫോണില്‍ 2016 ഡിസംബര്‍ 31 മുതല്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല’ എന്ന സന്ദേശം സിംബിയാന്‍,ബ്ലാക്‌ബെറി ഉപയോക്താക്കള്‍ക്കു ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

സിംബിയന്‍ ,നോക്കിയാ, ബ്ലാക്ക്‌ബെറി എന്നി ഫോണുകളിലെ സേവനം വാട്‌സാപ്പ് അവസാനിപ്പിക്കുകയാണെന്ന് മാര്‍ച്ച് മുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് തീയതി സംബന്ധിച്ച സ്ഥിരീകരണമുണ്ടാകുന്നത്.

കൂടുതലും സിംബിയനില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയാ ഫോണുകള്‍ക്കും ബ്ലാക്ക്‌ബെറി 10 ഡിവൈസുകള്‍ക്കുമാകും തീരുമാനം ഏറെ തിരിച്ചടിയാകുക. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ ചെയ്യാനെടുക്കുന്ന കാലതാമസവും വാട്‌സാപ്പ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമാണ് സിംബിയാന്‍-ബ്ലാക്‌ബെറി ഫോണുകള്‍ക്കു തിരിച്ചടിയായിരിക്കുന്നത്.

നോക്കിയ സിംബിയന്‍ ഉപഭോക്താക്കളെ സംബന്ധിച്ചടുത്തോളം മാപ്‌സ്, മ്യൂസിക്, ഇമെയില്‍ ആപ്പുകള്‍ പോലെ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് വാട്‌സാപ്പ്. ഈ ഡിവൈസുകളില്‍ ലഭിക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ ആശയവിനിമയ മാര്‍ഗവുമാണിത്.

വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ച എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനവും ഈ ഫീച്ചര്‍ ഫോണുകളില്‍ ലഭ്യമാക്കുന്നുണ്ട്. ഇവയുടെ ഉപയോക്താക്കള്‍ക്ക് ഡിസംബര്‍ 31 ന് ശേഷം വാട്‌സാപ്പ് ഉപയോഗിക്കണമെങ്കില്‍ വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ പുതിയ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലേക്ക് മാറേണ്ടിവരും.

ബ്ലാക്ക്‌ബെറി ഉപയോഗിക്കുന്നവരുടെ കാര്യവും ഇതുപോലെ തന്നെ.2009 ല്‍ വാട്‌സാപ്പ് അവതരിപ്പിക്കുന്ന സമയത്ത് സിംബിയനിലും ബ്ലാക്‌ബെറിയിലുമാണ് കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് വെറും 25 ശതമാനം പേര്‍ മാത്രമാണ് ആന്‍ഡ്രോയ്ഡില്‍ വാട്‌സാപ്പ് ഉപയോഗിച്ചിരുന്നത്.

നിലവില്‍ ആന്‍ഡ്രോയ്ഡിന്റെ പഴയ പതിപ്പുകളായ 2.1 ലും 2.2 ലും വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. വിന്‍ഡോസ് 7.1, ഐഒഎസ് 6 പതിപ്പുകള്‍ ഉപയോഗിക്കുന്നവരും പുതിയ പതിപ്പികുകളിലേക്ക് ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടിവരും.

Top