സംഘര്‍ഷം, ഇന്ത്യ-പാക്ക് യുദ്ധത്തിലേക്കോ ? ആകാംക്ഷയോടെ ഉറ്റുനോക്കി വന്‍ ശക്തികള്‍

India_china

വാഷിങ്ടണ്‍: വീണ്ടുമൊരു ഇന്ത്യ-പാക്ക് യുദ്ധത്തിന് കളമൊരുങ്ങിയാല്‍ അത് ലോക യുദ്ധത്തിന് തന്നെ കാരണമാകുമെന്ന ആശങ്കയിലാണ് ലോക രാഷ്ട്രങ്ങള്‍.

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയും പാക്ക് സേനയും നടത്തുന്ന വെടിവെയ്പ്പ് തുറന്ന യുദ്ധത്തിലേക്ക് വഴിവച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിവെപ്പിലും ഷെല്ലിങ്ങിലും ഇതുവരെ 12 പേര്‍ മരിച്ച സാഹചര്യത്തില്‍ കടുത്ത പ്രത്യാക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന നിഗമനത്തിലാണ് ലോക വന്‍ശക്തികളായ റഷ്യയും അമേരിക്കയും.

ഈ രണ്ടു രാജ്യങ്ങളുമായി ഏറെ അടുപ്പമുള്ള രാജ്യമാണ് ഇന്ത്യ എന്നതിനാല്‍ സ്ഥിതിഗതികള്‍ ഗൗരവമായാണ് ഇരു രാഷ്ട്രങ്ങളും വീക്ഷിക്കുന്നത്. ചൈനയുടെ അടുത്ത പങ്കാളിയായ പാക്കിസ്ഥാന്‍ ഇപ്പോള്‍ തുടരുന്ന പ്രകോപനം ചൈനയുടെ പ്രേരണയിലാണെന്ന നിഗമനത്തിലാണ് ലോക രാഷ്ട്രങ്ങള്‍.

indo_china1

ദോക് ലാം വിഷയത്തില്‍ ഇന്ത്യയുമായി ഉടക്കി നില്‍ക്കുന്ന ചൈന, പാക്കിസ്ഥാനെ മുന്‍ നിര്‍ത്തി കളിക്കുകയാണെന്ന ആരോപണവും ഇതിനകം ശക്തമായിട്ടുണ്ട്. ആത്യന്തികമായി പാക്കിസ്ഥാനെ ‘ബലിയാടാക്കാനേ’ ഇത്തരം നീക്കം വഴിവക്കൂവെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

പാക്കിസ്ഥാനില്‍ കയറി നടത്തിയ മിന്നല്‍ ആക്രമണത്തിനു ശേഷം സമാനമായ ശക്തമായ തിരിച്ചടി ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സേന വീണ്ടും നടത്തിയിരുന്നു.

നിരവധി പാക്ക് സൈനികരും ഭീകരരും ഈ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ ആക്രമണം നടത്തി വരുന്നത്.

വന്‍ തോതില്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടാനും പാക്ക് സേന ശ്രമിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് പോകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നയതന്ത്രതലത്തില്‍ ചൈനയേക്കാളും പാക്കിസ്ഥാനേക്കാളും വലിയ പിന്തുണ ഇന്ത്യയ്ക്കുണ്ട്.

indiachina2

അമേരിക്കക്കും റഷ്യക്കും പുറമെ ഫ്രാന്‍സ്, ജപ്പാന്‍, ബ്രിട്ടന്‍, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ സൈനിക ശക്തികളുമായി ഇന്ത്യക്കുള്ള അടുത്ത ബന്ധം ചൈനക്കും വലിയ വില നല്‍കേണ്ടി വരുമെന്നതിന്റെ മുന്നറിയിപ്പായി നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതിനിടെ, ഈ വര്‍ഷം തന്നെ അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാമതാകും എന്ന റിപ്പോര്‍ട്ടുകള്‍ ചൈനയെ അലോസരപ്പെടുത്തുന്നതായ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

Top