തല ‘തിരിഞ്ഞവന്‍’ പ്രവചനം നടത്തി . . ഇന്ത്യ – വെസ്റ്റിന്‍ഡീസ് ഏകദിനം വേണ്ടെന്ന് !

karyavattam

തിരുവനന്തപുരം: കേരളത്തില്‍ നടത്താനിരുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന മത്സരം മാറ്റിവെക്കണമെന്ന ആവശ്യവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) രംഗത്ത്. ഏകദിനം നവംബറില്‍ നടത്താമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മാസത്തില്‍ തിരുവനന്തപുരത്ത് മഴ ഉണ്ടാകുമെന്നാണ് കെസിഎ സെക്രട്ടറിയുടെ വാദം.

ഈ സാഹചര്യത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സരം മറ്റേതെങ്കിലും സംസ്ഥാനത്തിന് നല്‍കി പകരം ജനുവരിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ഒരു മത്സരം അനുവദിക്കണമെന്നുമാണ് കെസിഎ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായത്.ഈ ആവശ്യമുന്നയിച്ച് ബിസിസിഐക്ക് കെസിഎ കത്ത് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ മത്സരം മാറ്റി നല്‍കുന്നതാണ് നല്ലതെന്നും കാണിച്ചാണ് കത്ത് നല്‍കുക. അതേസമയം, നവംബറിലെ മത്സരത്തിന് പകരം ജനുവരിയില്‍ മത്സരം ലഭിച്ചാല്‍ തിരുവനന്തപുരത്ത് തന്നെ വേദിയൊരുക്കാമെന്നും കെസിഎ സെക്രട്ടറി സൂചിപ്പിച്ചു.

ഒരു അന്താരാഷ്ട്ര മത്സരം സംസ്ഥാനത്തിന് ലഭിക്കാനുള്ള പ്രയാസം മറന്നുകൊണ്ടാണ് കെസിഎ സെക്രട്ടറി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നവംബറില്‍ ബിസിസിഐ മത്സരം അനുവദിച്ചതിനാല്‍ ഇപ്പോള്‍ നടത്താനായില്ലെങ്കില്‍ അടുത്തെങ്ങും കേരളത്തില്‍ മത്സരം ലഭിക്കണമെന്നില്ല.മഴയും കാലാവസ്ഥയും അനുകൂലമല്ലെന്ന കാരണം ചൂണ്ടികാട്ടി മത്സരം മാറ്റിത്തരണമെന്ന ആവശ്യം അത്ഭുതപ്പെടുത്തുന്നതാണെന്നാണ് ക്രിക്കറ്റ് ആരാധാകര്‍ പറയുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Top