യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക പരിശീലനം; നിര്‍ത്തി വെയ്ക്കുന്നുവെന്ന്. . .

MOON

വാഷിംങ്ടണ്‍: യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക പരിശീലനം നിര്‍ത്തി വെയ്ക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ നടത്തിയ ചരിത്രപ്രാധാന്യമുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനം രാജ്യങ്ങള്‍ സ്വീകരിച്ചത്.

ദക്ഷിണകൊറിയയുമായും അനവധി സഖ്യകക്ഷികളുമായും ചേര്‍ന്ന് ആഗസ്റ്റില്‍ നടത്താനിരുന്ന എല്ലാ സായുധ സൈനിക പരിശീലനങ്ങളും നിര്‍ത്തി വെയ്ക്കുന്നതായി പെന്റഗണ്‍ വക്താവ് ഡാനാ വൈറ്റ് അറിയിച്ചു.

SouthKorea_US_June19_Y341Gtr

കൂടാതെ പ്രതിരോധം സംബന്ധിച്ച എല്ലാ പദ്ധതികളും നിര്‍ത്തി വെയ്ക്കുന്നതായി യുഎസും വ്യക്തമാക്കി. ഇത് സംബന്ധിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി ജിം മാറ്റിസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ എന്നിവര്‍ ചര്‍ച്ച നടത്തും.

ഉത്തരകൊറിയയില്‍ നിന്നുള്ള ആക്രമണ സാധ്യത മുന്നില്‍ കണ്ടു തന്നെയാണ് യുഎസും ദക്ഷിണ കൊറിയയും പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.

ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച പൂര്‍ണ വിജയമായിരുന്നു. കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയും അമേരിക്കയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഗംഭീരമായിരുന്നു എന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

TRUMPH-KIM-2122

ട്രംപും കിമ്മും ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടിയെ തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപിലെ സമ്പൂര്‍ണ്ണ നിരായുധീകരണത്തിനായി ഉത്തരകൊറിയ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഹസ്തദാനം ചെയ്ത സമയത്തും ആദ്യഘട്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്നപ്പോഴും ഇരു നേതാക്കളും സന്തുഷ്ടരായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് തുടക്കം കുറിക്കുന്നതായിരുന്നു കൂടിക്കാഴ്ച.

Top