വാനാക്രൈ ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ഫ്‌ലാഷ്‌പോയിന്റ് വിദഗ്ധര്‍

ലണ്ടന്‍: വാനാക്രൈ ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. സൈബര്‍ സുരക്ഷ സ്ഥാപനമായ ഫ്‌ലാഷ്‌പോയിന്റിലെ വിദഗ്ധരാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

വാനാക്രൈ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാകാമെന്നാണ് ഇവരുടെ പഠനം. മാല്‍വെയര്‍ ബാധിച്ച കംപ്യൂട്ടറുകളില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രത്യക്ഷമായ സന്ദേശത്തിലെ ഭാഷാപരമായ പ്രത്യേകതകള്‍ പരിശോധിച്ചാണ് ചൈനീസ് ബന്ധം ചൂണ്ടിക്കാട്ടുന്നത്.

വിവിധ രാജ്യങ്ങളിലായി 28 ഭാഷകളിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ഇംഗ്ലിഷ്, ചൈനീസ് ഭാഷകളിലൊഴികെ ബാക്കിയെല്ലാം കംപ്യൂട്ടര്‍ ഉപയോഗിച്ചു പരിഭാഷപ്പെടുത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് ഭാഷയിലുള്ള സന്ദേശത്തില്‍ മാത്രമാണ് വ്യാകരണനിയമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുള്ളത്.

ഇംഗ്ലിഷ് സന്ദേശത്തില്‍ കാര്യമായ വ്യാകരണപിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.അതിനാല്‍ ചൈനീസ് ഭാഷ നന്നായി ഉപയോഗിക്കുന്ന ആരെങ്കിലുമാകാമെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ അഭിപ്രായം. ഭാഷയുടെ പ്രത്യേകതകൊണ്ടു മാത്രം ചൈനയില്‍നിന്നുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നു സ്ഥിരീകരിക്കാനാവില്ലെന്നും മറുഭാഗം പറയുന്നു.

വാനാക്രൈ ആക്രമണത്തിന് ഉത്തര കൊറിയയുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ട് യുഎസിലെ പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്‍ടെക് പുറത്തുവിട്ടത് കഴിഞ്ഞ ആഴ്ചയാണ്. യുകെ നാഷനല്‍ ക്രൈം ഏജന്‍സി, യുഎസ് അന്വേഷണവിഭാഗമായ എഫ്ബിഐ, യൂറോപ്യന്‍ പൊലീസ് എജന്‍സിയായ യൂറോപ്പോള്‍ എന്നിവ വാനാക്രൈ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

Top