ധോണിക്കു ചുറ്റും അസൂയാലുക്കള്‍, കരിയറിന്റെ അവസാനമാണ് അവര്‍ കാത്തിരിക്കുന്നത്‌ ; രവി ശാസ്ത്രി

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് പറയുന്നവര്‍ക്ക് കടുത്ത അസൂയയാണുള്ളതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി.

ധോണിക്കു ചുറ്റും നിരവധി അസൂയാലുക്കള്‍ ഉണ്ടെന്നും, അവര്‍ക്ക് വേണ്ടത് ധോണിയുടെ കുറച്ച് മോശം ദിവസങ്ങളാണെന്നും, ധോണിയുടെ കരിയര്‍ അവസാനിക്കുന്നത് കാണാനാണ് അവരെല്ലാം കാത്തിരിക്കുന്നതെന്നും, എന്നാല്‍ ധോണിയെപ്പോലുള്ള വലിയ താരങ്ങള്‍ക്ക് അവരുടെ ഭാവി തീരുമാനിക്കാവുന്നതാണെന്നും ശാസ്ത്രി പറഞ്ഞു.

മാത്രമല്ല, ധോണിക്ക് ടീം ഇന്ത്യയില്‍ എത്രത്തോളം പ്രധാന്യം ഉണ്ടെന്ന് നന്നായി അറിയാമെന്നും, ടീം വര്‍ക്കില്‍ ഏറ്റവും നിര്‍ണായകമാണ് ധോണിയുടെ സ്ഥാനമെന്നും, ധോണി വലിയ താരമായതുകൊണ്ടാണ് എല്ലായ്‌പ്പോഴും അദ്ദേഹം ചര്‍ച്ചയാകുന്നതെന്നും രവി ശാസ്ത്രി പ്രതികരിച്ചു.

നേരത്തെ മുന്‍ ഇന്ത്യന്‍ താരങ്ങളായ വി.വി.എസ് ലക്ഷ്മണ്‍, അജിത് അഗാര്‍ക്കര്‍, ആകാശ് ചോപ്ര എന്നിവര്‍ ധോണിക്ക് പകരം ട്വന്റി-20 ടീമില്‍ കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് പ്രധാന്യം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഈ വാദങ്ങളെ തള്ളിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നേരത്തെ ധോണിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീം പരിശീലകന്‍ രവിശാസ്ത്രിയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Top