വ്യാപം കുംഭകോണ കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഭോപ്പാല്‍: കുപ്രസിദ്ധിയാര്‍ജ്ജിച്ച വ്യാപം കുംഭകോണക്കേസിലെ പ്രതികളിലൊരാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കേസിലെ മുഖ്യപ്രതിയായ പ്രവീണ്‍കുമാറിനെയാണ് മധ്യപ്രദേശിലെ മൊറീന ജില്ലയിലെ താമസ സ്ഥലത്ത് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മധ്യപ്രദേശില്‍ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന വന്‍ അഴിമതിയാണ് വ്യാപം ഇടപാട്. വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നാണ് വ്യാപത്തിന്റെ മുഴുവന്‍ പേര്.

മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. മധ്യപ്രദേശിലെ പ്രധാന എന്‍ട്രന്‍സ് പരീക്ഷകള്‍ കൈകാര്യം ചെയ്യുന്ന ബോര്‍ഡാണിത്.

വ്യാപം കുംഭക്കോണ കേസിലെ ആളുകളുടെ ദുരൂഹ മരണങ്ങളാണ് കേസ് ഇത്രയ്ക്ക് ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം. കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് 2000 ത്തിലാണ്.

കേസിലെ അന്വേഷണത്തില്‍ വന്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ കേസുകള്‍ സി ബി ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Top